മുംബൈ: പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ നിക്ഷേപങ്ങളുടെ ആകെ മൂല്യം (അസറ്റ് അണ്ടർ മാനേജ്മെന്റ്-എയുഎം) 50 ലക്ഷം കോടി രൂപ കടന്നതായി റിപ്പോർട്ട്.
2024 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ എൽ.ഐ.സി കൈകാര്യം ചെയ്യുന്ന ആസ്തി 51,21,887 കോടി രൂപ കടന്നു. 2023 സാമ്പത്തിക വർഷാവസാനം ഇത് 43,94,205 കോടി രൂപയായിരുന്നു.
ഓഹരി വിപണിയിലെ സമീപകാല മുന്നേറ്റം എൽ.ഐ.സിക്ക് 16.28 ശതമാനം റിട്ടേൺ നൽകി. ഇതോടെ എൽ.ഐ.സിയുടെ നിലവിലെ നിക്ഷേപ മൂല്യം പാക്കിസ്ഥാന്റെ ജിഡിപിയുടെ രണ്ടിരട്ടിയോളമാണ്.
ഐഎംഎഫ് കണക്കുകൾപ്രകാരം, പാകിസ്താന്റെ ജിഡിപി 338.24 ബില്യൺ ഡോളറാണ്, അതായത് ഏകദേശം28,05,400 കോടി രൂപ വരും. എൽഐസിയുടെ 616 ബില്യൺ ഡോളർ ആസ്തിയുമായി താരതമ്യം ചെയ്യുമ്പോൾ പകുതിയോളം മാത്രമാണ് പാക്കിസ്ഥാന്‍റെ ജിഡിപി.
നേപ്പാൾ (44.18 ബില്യൺ ഡോളർ), ശ്രീലങ്ക (74.85 ബില്യൺ ഡോളർ) എന്നീ അയൽ രാജ്യങ്ങളുടെ മൊത്തം ജിഡിപിയേക്കാളും വലുതാണ് എൽ.ഐ.സിയുടെ ഫണ്ടുകളുടെ മൂല്യം.
സാമ്പത്തിക പ്രതിനന്ധിയിൽ നട്ടം തിരിയുകയാണ് അയൽക്കാരായ പാക്കിസ്ഥാന്‍. ഐ.എം.എഫ് കണക്ക് അനുസരിച്ച് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പാക്കിസ്ഥാന് 123 ബില്യൺ ഡോളറിന്‍റെ മൊത്ത ധനസഹായം ആവശ്യമാണ്.
അതേസമയം പാക്കിസ്ഥാന്‍റെ തിരിച്ചടവ് ശേഷിയിൽ ഐ.എം.എഫ് സംശയം ആശങ്കപ്രകടിപ്പിച്ചിരുന്നു. ഉയർന്ന രാഷ്ട്രീയ അനിശ്ചിതത്വവും സാമൂഹിക പിരിമുറുക്കങ്ങളും പാക്കിസ്ഥാന്‍റെ സാമ്പത്തിക സ്ഥിരതാ നയങ്ങളെ ദുർബലപ്പെടുത്തുമെന്നാണ് ഐ.എം.എഫിന്‍റെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം എൽ.ഐ.സി നാലാംപദ സാമ്പത്തിക ഫലം പുറത്തുവിട്ടിരുന്നു. 2024 സാമ്പത്തിക വർഷത്തിൽ എൽ.ഐ.സി 40,676 കോടി രൂപ ലാഭവും 4,75,070 കോടി രൂപയുടെ മൊത്തം പ്രീമിയം വരുമാനവും നേടിയിട്ടുണ്ട്.
ലിസ്റ്റ് ചെയ്തതിന് ശേഷം പിന്നോട് പോയ എൽ..ഐസി കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മികച്ച മുന്നേറ്റം നടത്തി.
വിപണി മൂല്യം ഏകദേശം 52 ശതമാനം വർധിപ്പിച്ച കമ്പനി മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം ഏഴാമത്തെ വലിയ ഓഹരിയാണ്.