ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയായ എല്‍ഐസി ഹൗസിംഗിന്റെ ഓഹരികള്‍ നവംബര്‍ 2 ന് 10 ശതമാനം ലോവര്‍ സര്‍ക്യൂട്ടിലെത്തി.രണ്ട് വര്‍ഷത്തിനിടയിലെ മോശം ഇടിവാണ് സ്‌റ്റോക്ക് രേഖപ്പെടുത്തിയത്.
നേരത്തെ സെപ്തംബര്‍ പാദ അറ്റാദായം 23 ശതമാനം ഉയര്‍ത്തി 305 കോടി രൂപയാക്കാന്‍ കമ്പനിയ്ക്കായിരുന്നു. എന്നാല്‍ പലിശ വരുമാനത്തില്‍ 80 ബേസിസ് പോയിന്റിന്റെ നേരിയ ഇടിവ് നേരിട്ടു. 1173 കോടി രൂപയില്‍ നിന്നും പലിശവരുമാനം 1163 കോടി രൂപയായി കുറയുകയായിരുന്നു.
ക്രെഡിറ്റ് നഷ്ടത്തിന് ആനുപാതികമായി പ്രൊവിഷന്‍ 6,522 കോടി രൂപയായി വര്‍ധിച്ചു. അറ്റ പലിശ മാര്‍ജിന്‍ വരുന്ന പാദത്തില്‍ ഉയരുമെന്ന് അതേസമയം എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് പ്രതിനിധി സിഎന്‍ബിസി ടിവി-18 നെ അറിയിച്ചിട്ടുണ്ട്. 375 രൂപ ലക്ഷ്യവില നിശ്ചയിച്ച് അണ്ടര്‍വെയ്റ്റ് റേറ്റിംഗാണ് ആഗോള റിസര്‍ച്ച് സ്ഥാപനം മോര്‍ഗന്‍ സ്റ്റാന്‍ലി കമ്പനി ഓഹരിയ്ക്ക് നല്‍കുന്നത്.
ലാഭം പ്രതീക്ഷിച്ചതിലും കുറവാണെന്ന് അവര്‍ പറയുന്നു. അതേസമയം പ്രൊവിഷന്‍ ഉയരുകയും ചെയ്തു. വായ്പാ അളവ് പ്രതീക്ഷിച്ച തോതില്‍ ഉയര്‍ന്നില്ല. 1989 ല്‍ സ്ഥാപിതമായ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ഓഹരി 20751.13 കോടി രൂപ വിപണി മൂല്യമുള്ള ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. എന്‍ബിഎഫ്‌സി സെക്ടറിലാണ് പ്രവര്‍ത്തനം.
പലിശ, ഫീസ്, കമ്മീഷന്‍, സാമ്പത്തിക സേവനങ്ങള്‍ എന്നിവയിലൂടെയാണ് വരുമാനം സൃഷ്ടിക്കുന്നത്. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 5302.50 കോടി വരുമാനം നേടി.മുന്‍പാദത്തേക്കാള്‍ .64 ശതമാനം കുറവാണിത്.
926.89 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. കമ്പനിയുടെ 45.24 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. 20.67 ശതമാനം വിദേശ നിക്ഷേപകരും 19.21ശതമാനം ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.