മുംബൈ: എൻബിഎഫ്‌സിയായ കാപ്രി ഗ്ലോബൽ ക്യാപിറ്റലിന്റെ 2 ശതമാനം ഓഹരി സ്വന്തമാക്കി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ. ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെയായിരുന്നു ഓഹരി ഏറ്റെടുക്കൽ.
വൈവിധ്യവത്‌കൃത നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ (എൻബിഎഫ്‌സി) കാപ്രി ഗ്ലോബൽ ക്യാപിറ്റലിലെ എൽഐസിയുടെ ഓഹരി പങ്കാളിത്തം മുൻപത്തെ 7.05 ശതമാനത്തിൽ നിന്ന് 9.07 ശതമാനമായി വർധിപ്പിച്ചതായി കോർപ്പറേഷൻ ഫയലിംഗിൽ അറിയിച്ചു. നിലവിൽ എൽഐസി എൻബിഎഫ്‌സിയുടെ 1,59,51,171 ഇക്വിറ്റി ഓഹരികൾ കൈവശം വച്ചിട്ടുണ്ട്.
10.06.2022 മുതൽ 28.10.2022 വരെയുള്ള കാലയളവിലായിരുന്നു ഓഹരി ഏറ്റെടുക്കൽ. ഓഹരിയൊന്നിന് ശരാശരി 724.24 രൂപ നിരക്കിലാണ് കാപ്രി ഗ്ലോബൽ ക്യാപിറ്റലിന്റെ ഓഹരികൾ സ്വന്തമാക്കിയതെന്ന് കോർപ്പറേഷൻ കൂട്ടിച്ചേർത്തു.
എംഎസ്എംഇ, കൺസ്ട്രക്ഷൻ ഫിനാൻസ്, താങ്ങാനാവുന്ന ഭവനം, പരോക്ഷ റീട്ടെയിൽ ലെൻഡിംഗ് വിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ കാപ്രി ഗ്ലോബൽ ക്യാപിറ്റലിന് സാന്നിധ്യമുണ്ട്. ചൊവ്വാഴ്ച എൽഐസിയുടെ ഓഹരികൾ 0.83 ശതമാനം ഉയർന്ന് 603.1 രൂപയിലും സിജിസിഎൽ ഓഹരി 0.44 ശതമാനം ഉയർന്ന് 752.95 രൂപയിലുമാണ് വ്യാപാരം നടത്തുന്നത്.