
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി നോൺ-പാർട്ടിസിപ്പേറ്റിംഗ് ഇൻഷുറൻസ് ഉൽപന്നങ്ങളുടെ വിപണി വിഹിതം ഉയർത്താനും ബിസിനസ് വൈവിധ്യവത്കരിക്കാനും പദ്ധതിയിടുന്നു.
65 ശതമാനം വിപണി വിഹിതമുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറർ നിലവിൽ 17 വ്യക്തിഗത പങ്കാളിത്ത ഉൽപ്പന്നങ്ങൾ, 17 വ്യക്തിഗത നോൺ-പാർട്ടിസിപ്പേറ്റിംഗ് ഉൽപ്പന്നങ്ങൾ, 11 ഗ്രൂപ്പ് ഉൽപ്പന്നങ്ങൾ, റൈഡർ ആനുകൂല്യങ്ങളുള്ള 7 ഉൽപ്പന്നങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇതിൽ നോൺ-പാർട്ടിസിപ്പേറ്റിംഗ് ലൈഫ് ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ പോളിസി ഉടമകൾക്ക് ബോണസുകളോ ഡിവിഡന്റ് പോലുള്ള ആഡ്-ഓണുകളോ നൽകുന്നില്ല.
ഉൽപ്പന്നങ്ങളുടെ പ്രധാന വിതരണ കേന്ദ്രങ്ങളായി ഏജന്റുമാരെ നിലനിർത്തികൊണ്ട് ബിസിനസ്സിന്റെ വിപണി വിഹിതം വർദ്ധിപ്പിക്കാനും ചാനൽ മിക്‌സ് വൈവിധ്യവത്കരിക്കാനും തങ്ങൾ ഉദ്ദേശിക്കുന്നതായി എൽഐസി ചെയർമാനായ എം ആർ കുമാർ കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ ഓഹരി ഉടമകളോട് പറഞ്ഞു. പ്രീമിയത്തിന്റെ അടിസ്ഥാനത്തിൽ എൽഐസിയുടെ വ്യക്തിഗത ബിസിനസിന്റെ 95 ശതമാനവും നടക്കുന്നത് ഏജൻസി വഴിയാണ്. ബാങ്കാഷ്വറൻസ് ചാനലുകൾ വഴിയുള്ള വിൽപന 3 ശതമാനത്തിൽ താഴെയാണ്.
നിലവിലുള്ളതും ഉയർന്നുവരുന്നതുമായ വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഡിജിറ്റൽ ഇടപെടലുകൾ, ഡാറ്റാ അനലിറ്റിക്‌സ്, പ്രോസസ്സ് ഫ്ലോ മാറ്റങ്ങൾ എന്നിവ ആരംഭിക്കുമെന്ന് എം ആർ കുമാർ പറഞ്ഞു. ഉപഭോക്തൃ ആവശ്യങ്ങൾക്ക് അനുയോജ്യമായ കൂടുതൽ സമാനതകളില്ലാത്ത ഉൽപ്പന്നങ്ങൾ ചേർത്തുകൊണ്ടുള്ള വൈവിധ്യവൽക്കരണം ആവശ്യമുള്ള ഫലങ്ങൾ നൽകുമെന്ന് കമ്പനി വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.