എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ബഹുവിധ ആസ്തികള്‍ക്കായി മള്‍ട്ടി അസെറ്റ് അലോക്കേഷൻ ഫണ്ട് ആരംഭിച്ചു. ഓഹരികളിലും കടപ്പത്രങ്ങളിലും സ്വർണത്തിലും നിക്ഷേപിക്കാവുന്ന മള്‍ട്ടി അസെറ്റ് ഫണ്ടുകളാണ് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കിയിരിക്കുന്നത്.
പുതിയ ഫണ്ട് ഓഫർ (എൻഎഫ്‌ഒ) ഫെബ്രുവരി 7 ന് അവസാനിക്കും. വൈവിധ്യമാർന്ന ആസ്തികളില്‍ നിക്ഷേപിച്ച് ദീർഘ കാല മൂലധന ലാഭം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതനുസരിച്ച് ഓഹരികളിലും അനുബന്ധ പദ്ധതികളിലും കടപ്പത്രങ്ങളിലും സ്വർണ്ണ ഇടിഎഫുകളിലും നിക്ഷേപിക്കാൻ കഴിയും.
65 ശതമാനം നിഫ്റ്റി 500 കമ്ബനികളിലും 25 ശതമാനം നിഫ്റ്റിയുടെ സംയുക്ത കടപ്പത്ര സൂചികയിലും 10 ശതമാനം ആഭ്യന്തര സ്വർണ്ണ വിലയിലുമാണ് നിക്ഷേപിക്കുക. നിഖില്‍ രുംഗ്ത, സുമിത് ഭട്നഗർ, പാട്രിക് ഷ്റോഫ് എന്നിവർ ഫണ്ട് മാനേജർമാരായ പദ്ധതി 2025 ഫെബ്രുവരി 18മുതല്‍ വീണ്ടും തുടർച്ചയായ വില്‍പനയ്ക്കെത്തും.
ഒരേ ആസ്തിയില്‍ തന്നെ നിക്ഷേപിക്കുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാകുമെന്നതിനാല്‍ ബഹുവിധ ആസ്തി അലോക്കേഷൻ ഫണ്ടുകള്‍ കൂടുതല്‍ ജനപ്രിയമാവുകയാണെന്ന് എല്‍ഐസി മ്യൂച്വല്‍ഫണ്ട് അസെറ്റ് മാനേജ്മെന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആർ.കെ. ഝാ നിരീക്ഷിച്ചു.
ഓഹരികളുടെ ഊർജ്ജവും വരുമാന വളർച്ചയ്ക്കായി കടപ്പത്രങ്ങളും ഉപയോഗപ്പെടും വിധം രൂപകല്‍പന ചെയ്ത മള്‍ട്ടി അസെറ്റ് ഫണ്ടുകള്‍ ആസ്തികളുടെ വൈവിധ്യവല്‍ക്കരണം ഉറപ്പു വരുത്തുന്നതായി എല്‍ഐസി മ്യൂച്വല്‍ഫണ്ട് അസെറ്റ് മാനേജ്മെന്റ് ലിമിറ്റഡ് കോ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ ( ഇക്വിറ്റി) നിഖില്‍ റുങ്ത അഭിപ്രായപ്പട്ടു.