ദില്ലി: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് നോട്ടീസയച്ച് ആദായ നികുതി വകുപ്പ്. മൂന്ന് മൂല്യനിർണ്ണയ വർഷങ്ങളിലായി 84 കോടി രൂപയാണ് എൽഐസി പിഴയായി നൽകേണ്ടത്.
2012-13, 2018-19, 2019-20 അസസ്മന്റ് വർഷങ്ങളിൽ ആണ് തുക ഈടാക്കുന്നത്. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് എൽഐസി അറിയിച്ചു.
2012-13 അസസ്‌മെന്റ് വർഷത്തിൽ 12.61 കോടി രൂപയും 2018-19ൽ 33.82 കോടി രൂപയും 2019-20 അസസ്‌മെന്റ് വർഷത്തിൽ 37.58 കോടി രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 271 (1)(സി), 270 എ എന്നിവ ലംഘിച്ചതിനാണ് ഇൻഷുറൻസ് കമ്പനിക്ക് പിഴ ചുമത്തിയിരിക്കുന്നത്. 2023 സെപ്റ്റംബർ 29 നാണ് നികുതി വകുപ്പ് നോട്ടീസ് നൽകിയത്.
സർക്കാർ നൽകുന്ന മൂലധനത്തിൽ നിന്നുള്ള വരുമാനം, ക്ലെയിം ചെയ്ത നികുതി കിഴിവ് എന്നിവയുമായി ബന്ധപ്പെട്ടാണ് പിഴ ചുമത്തിയിരിക്കുന്നത്.
1956ൽ 5 കോടി രൂപ പ്രാരംഭ മൂലധനമുള്ള എൽഐസിക്ക് 2023 മാർച്ച് 31 വരെ 40.81 ലക്ഷം കോടി രൂപ ലൈഫ് ഫണ്ടുമായി 45.50 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്.