ന്യൂഡല്‍ഹി: ആരോപണങ്ങള്‍ വേട്ടയാടുമ്പോഴും അദാനി ഗ്രൂപ്പ് കമ്പനികളെ വിശ്വാസത്തിലെടുക്കുകയാണ് രാജ്യത്തെ വലിയ നിക്ഷേപകരായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ്,അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നീ നാല് കമ്പനികളില്‍ പൊതുമേഖല ഇന്‍ഷൂറര്‍ നിക്ഷേപം വര്‍ധിപ്പിച്ചു. അതേസമയം അംബുജ സിമന്റ്‌സ്,അദാനി പോര്‍ട്ട്‌സ് ഓഹരികളില്‍ നേരിയതോതില്‍ നിക്ഷേപം കുറയ്ക്കാന്‍ തയ്യാറായിട്ടുണ്ട്.
4.26 ശതമാനം പങ്കാളിത്തമാണ് അദാനി എന്റര്‍പ്രൈസസില്‍ എല്‍ഐസിയ്ക്കുള്ളത്. നേരത്തെയിത് 4.23 ശതമാനമായിരുന്നു. മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ 357500 ഓഹരികള്‍ പൊതുമേഖല സ്ഥാപനം വാങ്ങി.
അദാനി ഗ്രീന്‍ എനര്‍ജിയിലെ നിക്ഷേപം 1.28 ശതമാനത്തില്‍ നിന്നും 1.36 ശതമാനമായപ്പോള്‍ അദാനി ടോട്ടല്‍ ഗ്യാസിലേത് 5.96 ശതമാനത്തില്‍ നിന്നും 6.02 ശതമാനമാക്കി ഉയര്‍ത്തി.
റീട്ടെയില്‍ നിക്ഷേപം വളര്‍ന്നു
എട്ട് അദാനി ഗ്രൂപ്പ് കമ്പനികളിലെ റീട്ടെയില്‍ നിക്ഷേപം 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഉയര്‍ന്നു. 2022 ഡിസംബറിലെ 1.86 ശതമാനത്തില്‍ നിന്ന് 3.41 ശതമാനമായാണ് അദാനി എന്റര്‍പ്രൈസസിലെ റീട്ടെയില്‍ നിക്ഷേപം വളര്‍ന്നത്. ഇതേ കാലയളവില്‍ അദാനി പോര്‍ട്ട്‌സ് റീട്ടെയില്‍ നിക്ഷേപം 2.86 ശതമാനത്തില്‍ നിന്ന് 4.10 ശതമാനമായി.
അദാനി ഗ്രീന്‍ എനര്‍ജിയിലെ ചില്ലറ നിക്ഷേപം 1.06 ശതമാനത്തില്‍ നിന്നും 2.33 ശതമാനമായും അദാനി ട്രാന്‍സ്മിഷനിലേത് 0.77 ശതമാനത്തില്‍ നിന്ന് 1.36 ശതമാനമായും അടുത്തിടെ അദാനി ഏറ്റെടുത്ത എന്‍ഡിടിവിയിലേത് 14.11 ശതമാനത്തില്‍ നിന്ന് 17.54 ശതമാനമായും വര്‍ദ്ധിച്ചിട്ടുണ്ട്.
അംബുജ സിമന്റ്സിലെ റീട്ടെയില്‍ നിക്ഷേപം 5.52 ശതമാനത്തില്‍ നിന്ന് 7.23 ശതമാനമായാണ് ഉയര്‍ന്നത്. അതേസമയം, ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ തുടര്‍ന്ന് ഗ്രൂപ്പ വിപണി മൂല്യം 7 ലക്ഷം കോടി രൂപയില്‍ താഴെയായി.എന്നിരുന്നാലും യുഎസ് ആസ്ഥാനമായ നിക്ഷേപ സ്ഥാപനം, ജിക്യുജി പാര്‍ട്ണേഴ്സ് 15,450 കോടി രൂപയുടെ ന്യൂനപക്ഷ ഓഹരികള്‍ സ്വന്തമാക്കിയത് താല്‍ക്കാലിക ആശ്വാസമേകി.