തടി കൊണ്ട് നിര്‍മിച്ച പുറംപാളിയുള്ള ലോകത്തെ ആദ്യ ‘വുഡന്‍ സാറ്റ്‌ലൈറ്റ്’ അയച്ച് ജപ്പാന്‍ , ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ പരീക്ഷണഘട്ടത്തിന്റെ ചുവടുവെപ്പിനായ് തുടക്കമായി.
കണ്ടുപിടുത്തങ്ങളുടെ കാര്യത്തില്‍ എന്നും ഒരുപടി മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍.
ചൊവ്വാഴ്‌ച രാവിലെ ലോകത്തെ ആദ്യ വുഡന്‍ സാറ്റ്‌ലൈറ്റ് (മരം കൊണ്ട് നിര്‍മിച്ച പുറംപാളിയുള്ള കൃത്രിമ ഉപഗ്രഹം) ബഹിരാകാശത്തേക്ക് അയച്ചു. പതിവ് ലോഹ പാളി മാറ്റി പ്ലൈവുഡ് കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ കുഞ്ഞന്‍ കൃത്രിമ ഉപഗ്രഹത്തിന്‍റെ പേര് “ലിഗ്നോസാറ്റ്” എന്നാണ്.
ഈ വുഡന്‍ സാറ്റ്‌ലൈറ്റ് അയച്ചത് വഴി തടി കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ വളരെ സങ്കീര്‍ണമായ ബഹിരാകാശ കാലാവസ്ഥയെ എങ്ങനെ അതിജീവിക്കുമെന്ന് മനസിലാക്കാന്‍ കഴിയുമെന്നാണ് ജപ്പാനിലെ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
പാര്‍പിട നിര്‍മാതാക്കളായ സുമീടോമോ ഫോറസ്ട്രിയുമായി ചേര്‍ന്ന് ക്യോത്തോ സര്‍വകലാശയിലെ ഗവേഷകരാണ് ലിഗ്നോസാറ്റ് എന്ന ലോകത്തെ ആദ്യ വുഡന്‍ സാറ്റ്‌ലൈറ്റ് നിര്‍മിച്ചത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്പേസ് എക്‌സിന്‍റെ ദൗത്യത്തിനൊപ്പം വിക്ഷേപിച്ച ലിഗ്നോസാറ്റ് പിന്നാലെ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചേര്‍ന്നു.
1900ങ്ങളുടെ തുടക്കത്തില്‍ തടികള്‍ ഉപയോഗിച്ചാണ് വിമാനങ്ങൾ നിർമിച്ചിരുന്നത്. അതിനാല്‍ വുഡന്‍ സാറ്റ്‌ലൈറ്റും പ്രായോഗികമാണ്. മരക്കഷണങ്ങള്‍ക്ക് ഭൂമിയിലേക്കാള്‍ കൂടുതല്‍ ആയുസ് ബഹിരാകാശത്ത് ഉണ്ടാകും.
ബഹിരാകാശത്ത് വെള്ളവും ഓക്സിജനും ഇല്ലാത്തതിനാല്‍ അഴുകുവാനും കത്തുവാനും ഉള്ള സാധ്യത ഇല്ലെന്നും ക്യോത്തോ സര്‍വകലാശയിലെ ഫോറസ്റ്റ് സയന്‍സ് വിഭാഗം പ്രൊഫസറായ കോജി മുറാത്ത അഭിപ്രായപ്പെട്ടു. മരം കൊണ്ടുള്ള കൃത്രിമ ഉപഗ്രഹങ്ങള്‍ പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും സഹായിക്കും.
വരാനിരിക്കുന്ന ചാന്ദ്ര, ചൊവ്വാ പര്യവേഷണങ്ങളുടെ ആദ്യ ചുവടുവെപ്പ് കൂടിയാണ് ജപ്പാന്‍ അയച്ച വുഡന്‍ സാറ്റ്‌ലൈറ്റായ ലിഗ്നോസാറ്റ്.
ബഹിരാകാശത്ത് മരം കൊണ്ടുള്ള ഉല്‍പനങ്ങളും കെട്ടിടങ്ങളും എങ്ങനെ അതിജീവിക്കും എന്ന ഗവേഷകരുടെ ആകാംക്ഷയ്ക്കുള്ള ആദ്യ ഉത്തരങ്ങള്‍ ലിഗ്നോസാറ്റ് നല്‍കും.
ഭാവിയില്‍ ചന്ദ്രനിലും ചൊവ്വയിലും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതും തടി കൊണ്ടുള്ള വീടുകള്‍ നിര്‍മിക്കുന്നതും ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ആദ്യ ചുവടുവെപ്പാണ് ജപ്പാന്‍ അയച്ച വുഡന്‍ സാറ്റ്‌ലൈറ്റ്.
ലിഗ്നോസാറ്റ് ആറ് മാസക്കാലം ഭൂമിയെ ഭ്രമണം ചെയ്യും. -100 മുതല്‍ 100 ഡിഗ്രിസെല്‍ഷ്യസ് വരെ വ്യതിചലിക്കുന്ന ബഹിരാകാശ കാലാവസ്ഥയെ ഈ വുഡന്‍ കൃത്രിമ ഉപഗ്രഹം എങ്ങനെ അതിജീവിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകമെമ്പാടുമുള്ള ബഹിരാകാശനിരീക്ഷകർ.