
മുംബൈ: തെക്കൻ വിപണിയിലെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി വർക്ക്വെയർ സർവീസ് യൂണിറ്റിലെ പ്രവർത്തനം വർധിപ്പിച്ചതായി അറിയിച്ച് ടെക്സ്റ്റൈൽ സർവീസ് കമ്പനിയായ ലിൻഡ്സ്ട്രോം ഇന്ത്യ. ഫിൻലാന്റ് ആസ്ഥാനമായുള്ള ലിൻഡ്സ്ട്രോം ഓയിയുടെ ഒരു അനുബന്ധ സ്ഥാപനമാണിത്.
പ്രവർത്തനം വിപുലീകരിക്കുന്നതോടെ ചെന്നൈ യൂണിറ്റിൽ നൂറോളം പേർക്ക് തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലിൻഡ്‌സ്ട്രോം ഗ്രൂപ്പ് അറിയിച്ചു. ദക്ഷിണേന്ത്യയിലെ ഇലക്‌ട്രോണിക്‌സ്, ഭക്ഷ്യ വ്യവസായം, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ, ഓട്ടോമൊബൈൽ വ്യവസായങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലെ വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റാൻ ഈ വിപുലീകരിച്ച വർക്ക്‌വെയർ സർവീസ് യൂണിറ്റിന് കഴിയും.
ഈ യൂണിറ്റിന്റെ വിപുലീകരണത്തോടെ കമ്പനിക്ക് പ്രതിമാസം മൂന്ന് ദശലക്ഷത്തിലധികം വസ്ത്രങ്ങൾ പ്രോസസ്സ് ചെയ്യാനുള്ള ശേഷിയുണ്ടാകും. ലിൻഡ്‌സ്ട്രോം ഇന്ത്യയ്ക്ക് നിലവിൽ രാജ്യത്തെ 11 നഗരങ്ങളിൽ സേവന കേന്ദ്രങ്ങളുണ്ട്.