കൊച്ചി: സംസ്ഥാനത്തെ മദ്യ ഉപഭോഗം തുടർച്ചയായി താഴേക്ക്. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ ഓണക്കാലമായ ആഗസ്റ്റിൽ ഒഴികെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, ബിയർ, വൈൻ, വിദേശ നിർമ്മിത വിദേശ മദ്യം എന്നിവയുടെയെല്ലാം വില്പന കുറഞ്ഞു.
കേരള ബിവറേജസ് കോർപ്പറേഷന്റെ (ബെവ്കോ) കണക്കുകളനുസരിച്ച് ഒക്ടോബറിൽ ഇന്ത്യൻ നിർമ്മിത മദ്യത്തിന്റെ വില്പന 1321 കോടി രൂപയായാണ് കുറഞ്ഞത്. ഏപ്രിലിൽ 1457.34 കോടിയുടെ വില്പനയുണ്ടായിരുന്നു. ഏഴു മാസത്തിനിടെ ബെവ്കോ 10058.75 കോടി രൂപയുടെ ഇന്ത്യൻ നിർമ്മിത മദ്യമാണ് വിറ്റത്.
ഏപ്രിലിൽ 171.08 കോടി രൂപയായിരുന്ന ബിയറിന്റെ വില്പന ഒക്ടോബറിൽ 105.43 കോടിയായി. ആഗസ്റ്റ് ഒഴികെയുള്ള മാസങ്ങളിൽ ബിയർ വില്പനയിലും കടുത്ത മാന്ദ്യമായിരുന്നു. ഏപ്രിലുമായി താരതമ്യം ചെയ്താൽ ബിയറിന്റെ പ്രതിമാസ വില്പനയിൽ 65.65 കോടിയുടെ കുറവുണ്ട്.
നികുതി 12 ശതമാനം കൂട്ടിയതോടെ വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ വില്പനയും കുത്തനെ ഇടിഞ്ഞു. സെപ്തംബറിലെ 14.73 കോടിയിൽ നിന്ന് ഒക്ടോബറിൽ 9.85 കോടിയായി.
സംസ്ഥാനത്തെ സാമ്പത്തിക മേഖലയിൽ ദൃശ്യമാകുന്ന തളർച്ച മദ്യ വില്പനയെയും പ്രതികൂലമായി ബാധിച്ചു. ഉത്തരവാദിത്ത മദ്യപാനത്തിന് കൂടുതൽ പ്രചാരം ലഭിക്കുന്നതും ഒരു ഘടകമാണ്. വ്യാജമദ്യ ലഭ്യത കൂടിയാലും സർക്കാരിന്റെ വില്പന കുറയാനിടയുണ്ടെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ മദ്യ വില്പനയിലെ തളർച്ച ഖജനാവിനും സമ്മർദ്ദം സൃഷ്ടിക്കും. മദ്യത്തിന് 240 ശതമാനത്തിലധികം നികുതിയാണ് നിലവിലുള്ളത്.