ന്യൂഡൽഹി: ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ പദ്ധതി നടപ്പാക്കാനുള്ള ‘പ്രധാനമന്ത്രി സൂര്യ ഭവനം: സൗജന്യ വൈദ്യുതി’ക്കായി പൊതുമേഖലാ ബാങ്കുകൾ 7% പലിശയിൽ വായ്പകൾ ലഭ്യമാക്കിത്തുടങ്ങി.
ഇതുവരെ 9 മുതൽ 12% വരെ പലിശയ്ക്കാണ് ബാങ്കുകൾ പുരപ്പുറ സോളർ പദ്ധതിക്ക് വായ്പ നൽകിയിരുന്നത്. ഉദാഹരണത്തിന് എസ്ബിഐയ്ക്ക് 9.65% മുതൽ 10.65% വരെയായിരുന്നു പലിശ.
കേന്ദ്ര നിർദേശത്തെത്തുടർന്നാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബാങ്കുകൾ പലിശനിരക്ക് കുറച്ചത്. 3 കിലോവാട്ട് വരെയുള്ള പ്ലാന്റുകൾക്കാണ് 7% പലിശ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, യൂക്കോ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് തുടങ്ങിയവയാണ് സൂര്യഭവനം പദ്ധതിയുടെ പോർട്ടലിൽ പുതിയ പലിശനിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു കിലോ വാട്ട് വൈദ്യുതിക്കുള്ള പദ്ധതിക്ക് 30,000 രൂപയും 2 കിലോവാട്ടിന് 60,000 രൂപയും 3 കിലോവാട്ട് മുതലുള്ള പ്ലാന്റുകൾക്ക് 78,000 രൂപയുമാണ് സബ്സിഡി.
2 ലക്ഷം രൂപ വരെ; കാലാവധി 10 വർഷം
3 കിലോവാട്ട് വരെയുള്ള പ്ലാന്റുകൾക്ക് 2 ലക്ഷം രൂപ വരെയാണ് വായ്പ നൽകുന്നത്. കാലാവധി: 10 വർഷം. പദ്ധതിച്ചെലവിന്റെ 90% വരെ വായ്പയായി ലഭിക്കാം. 3 കിലോവാട്ടിനു മുകളിൽ ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉദാഹരണത്തിന് എസ്ബിഐ ഭവന വായ്പയുള്ളവർക്ക് 9.15% പലിശയിൽ വായ്പ ലഭിക്കും. ഭവനവായ്പ ഇല്ലാത്തവർക്ക് 10.15%. ബാങ്ക് ഓഫ് ബറോഡ ഭവന വായ്പയ്ക്കൊപ്പം ചേർത്ത് 3 കിലോവാട്ട് വരെയുള്ള പ്ലാന്റുകൾക്ക് 7% പലിശയ്ക്ക് വായ്പ നൽകുന്നുണ്ട്.
വായ്പകളുടെ വിവരങ്ങൾ അറിയാൻ: bit.ly/pmsloan (ബാങ്ക് നോഡൽ ഓഫിസർമാരുടെ നമ്പറുകളും ഒപ്പമുണ്ട്.)
pmsuryaghar.gov.in എന്ന പോർട്ടലിലാണ് പദ്ധതിക്കായി റജിസ്റ്റർ ചെയ്യേണ്ടത്. റജിസ്ട്രേഷൻ പ്രക്രിയയിൽ വായ്പയുടെ വിവരങ്ങളും ലഭ്യമാകും.
സൊസൈറ്റികൾക്ക് സബ്സിഡി കിലോവാട്ടിന് 18,000 രൂപ
ഹൗസിങ് സൊസൈറ്റികളും റസിഡന്റ് വെൽഫെയർ അസോസിയേഷനുകളും സ്ഥാപിക്കുന്ന പ്ലാന്റുകൾക്ക് ഒരു കിലോവാട്ടിന് 18,000 രൂപ സബ്സിഡി ലഭിക്കും.
മുൻപ് ഇത് 9,000 രൂപയായിരുന്നു. പിഎം സൂര്യഭവനം പദ്ധതി പ്രഖ്യാപിച്ച സമയത്ത് സൊസൈറ്റികളുടെ സബ്സിഡി വ്യക്തമാക്കിയിരുന്നു.
ഇലക്ട്രിക് വാഹന ചാർജിങ് അടക്കമുള്ള ആവശ്യങ്ങൾക്കായി പരമാവധി 500 കിലോവാട്ട് വരെയുള്ള (ഒരു വീടിന് 3 കിലോവാട്ട് വീതം) പ്ലാന്റുകൾക്കാണ് സബ്സിഡി.