കൊച്ചി: നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാണെങ്കിലും മുഖ്യ പലിശ നിരക്ക് കുറയാൻ സമയമെടുക്കും.
ഡിസംബർ എട്ടിന് നടക്കുന്ന ധന അവലോകന യോഗത്തിൽ മുഖ്യ നിരക്കായ റിപ്പോയിൽ റിസർവ് ബാങ്ക് മാറ്റം വരുത്തില്ലെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ നാല് യോഗങ്ങളിലും റിപ്പോയിൽ മാറ്റം വരുത്തിയിരുന്നില്ല.
പ്രതികൂല ഘടകങ്ങളെയെല്ലാം മറികടന്ന് ഇന്ത്യ മികച്ച സാമ്പത്തിക വളർച്ച നേടുന്നതിനാൽ ധൃതിപിടിച്ച് പലിശ കുറച്ചാൽ നാണയപ്പെരുപ്പം വീണ്ടും കുതിച്ചുയരുമെന്ന ആശങ്കയാണ് റിസർവ് ബാങ്കിനുള്ളത്.
ഈടില്ലാ വായ്പകളുടെ റിസ്ക്ക് വെയ്റ്റേജ് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ച നടപടി പലിശ ഉടനൊന്നും കുറയില്ലെന്ന സൂചനയാണെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു.
നാണയപ്പെരുപ്പം മാനം മുട്ടെ ഉയർന്നതോടെ കഴിഞ്ഞ വർഷം മേയ് മുതലാണ് റിസർവ് ബാങ്ക് പലിശ വർദ്ധനയ്ക്ക് തുടക്കമിട്ടത്. പിന്നീട് ആറു തവണയായി റിപ്പോ നിരക്ക് 2.5 ശതമാനം വർദ്ധിപ്പിച്ച് 6.5 ശതമാനമാക്കി.
എന്നാൽ പലിശ സമ്മർദ്ദം വ്യവസായ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതു കണക്കിലെടുത്ത് ഈ വർഷം ഫെബ്രുവരി മുതൽ നിരക്കുകളിൽ മാറ്റം വരുത്തിയില്ല.
രാജ്യത്തെ നാണയപ്പെരുപ്പം ഒക്ടോബറിൽ 4.7 ശതമാനത്തിലേക്ക് താഴ്ന്നതോടെ പലിശ കുറയ്ക്കാൻ അനുകൂല സാഹചര്യമാണുള്ളത്.ഇതോടൊപ്പം അമേരിക്കയിലെയും യൂറോപ്പിലെയും കേന്ദ്ര ബാങ്കുകൾ മാന്ദ്യം നേരിടാൻ പലിശ കുറച്ചേക്കുമെന്ന പ്രവചനങ്ങളും വിപണിയിലുണ്ട്.
എങ്കിലും ഇന്ത്യയിൽ അടുത്ത വർഷം മാർച്ചിന് ശേഷം മാത്രമേ പലിശ കുറയൂവെന്ന് ധന വിദഗ്ധർ പറയുന്നു.