കൊച്ചി: നാണയപ്പെരുപ്പ ഭീഷണി പൂർണമായും ഒഴിയാത്തതിനാൽ ഇന്ത്യയിൽ വായ്പകളുടെ പലിശ കുറയാൻ സമയമെടുക്കും. മൊത്ത, ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം കഴിഞ്ഞ മാസം ഗണ്യമായി താഴ്ന്നെങ്കിലും തിടുക്കത്തിൽ പലിശ നിരക്കിൽ കുറവ് വരുത്താനാകില്ലെന്നാണ് റിസർവ് ബാങ്കിന്റെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും നിലപാട്.
അതിനാൽ അടുത്ത വർഷം മാർച്ചിന് ശേഷം മാത്രമേ പലിശ കുറയൂവെന്ന് ധനകാര്യ വിദഗ്ധർ പറയുന്നു.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറയുകയാണെങ്കിലും ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം ആശങ്കാജനകമാണെന്ന് റിസർവ് ബാങ്ക് വിലയിരുത്തുന്നു.
സാമ്പത്തിക വളർച്ചയ്ക്ക് ഉൗന്നൽനൽകാൻ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കിൽ ഇളവ് പ്രഖ്യാപിക്കണമെന്നാണ് വ്യവസായികളുടെ ആവശ്യം.
കയറ്റുമതി രംഗത്തെ മാന്ദ്യ സാഹചര്യങ്ങൾ മറികടന്നും മികച്ച വളർച്ച നേടുന്ന ഇന്ത്യൻ കമ്പനികൾ ആഭ്യന്തര വിപണിയുടെ കരുത്തിലാണ് മുന്നേറുന്നത്. എന്നാൽ ഇപ്പോഴത്തെ ഉണർവ് മുതലെടുത്ത് ഉത്പാദന രംഗത്ത് കൂടുതൽ നിക്ഷേപം നടത്തുന്നതിന് വായ്പകളുടെ ഉയർന്ന പലിശ നിരക്ക് വെല്ലുവിളിയാണെന്ന് അവർ പറയുന്നു.
കഴിഞ്ഞ മാസം നടന്ന ധന അവലോകന യോഗത്തിൽ പലിശ വർദ്ധന നടപടികൾ താത്കാലികമായി മരവിപ്പിക്കുകയാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു.
നാണയപ്പെരുപ്പ ഭീഷണി ശക്തമായതോടെ കഴിഞ്ഞ വർഷം മേയ് മാസത്തിനു ശേഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ ആറ് തവണയായി 2.5 ശതമാനം വർദ്ധിപ്പിച്ച് 6.5 ശതമാനമാക്കിയിരുന്നു.
ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കുത്തനെ കൂടിയതിനാൽ ഉപഭോക്താക്കളുടെ പ്രതിമാസ തിരിച്ചടവ് തുകയിൽ വലിയ ബാദ്ധ്യതയാണുണ്ടായത്.
ക്രൂഡോയിലിന്റെയും മറ്റ് ഉത്പന്നങ്ങളുടെയും വില കുറയുകയാണെങ്കിലും ഭക്ഷ്യ വിലക്കയറ്റമാണ് റിസർവ് ബാങ്കിനും ധനമന്ത്രാലയത്തിനും തലവേദന സൃഷ്ടിക്കുന്നത്.
അരി, പഞ്ചസാര, ധാന്യങ്ങൾ, ഗോതമ്പ് എന്നിവയുടെ കയറ്റുമതിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഒരു പരിധിവരെ വിലക്കയറ്റം പിടിച്ചു നിറുത്തിയത്.
പലിശ നിരക്ക് തിടുക്കത്തിൽ കുറച്ചാൽ വീണ്ടും വില കുതിച്ചു കയറാൻ ഇടയുണ്ടെന്ന് റിസർവ് ബാങ്ക് വിലയിരുത്തുന്നു.