
ന്യൂഡൽഹി: വരുന്ന ബജറ്റ് കര്‍ഷകര്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നേക്കുമെന്നു റിപ്പോര്‍ട്ട്. 2025- 26 ബജറ്റില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ (കെസിസി) വായ്പാ പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തിയേക്കും. നിലവില്‍ ഇത് 3 ലക്ഷം രൂപയാണ്. ബജറ്റില്‍ ഇതിനു ആവശ്യമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നാണിത്. 1998 -ലാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ആദ്യമായി ആരംഭിച്ചത്.
കര്‍ഷകര്‍ക്ക് വിള ഉല്‍പ്പാദനത്തിനും, കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങാനാവുന്ന വ്യവസ്ഥകളില്‍ വായ്പ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് 9 ശതമാനം പലിശ നിരക്കാണ് ഈടാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ 2 ശതമാനം പലിശ സബ്‌സിഡി അനുവദിക്കുന്നു. കൂടാതെ കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് 3 ശതമാനം അധിക കിഴിവും പദ്ധതി വാഗ്ദാനം ചെയ്യുന്നു. അതായത് ഫലത്തില്‍ കര്‍ഷകര്‍ക്ക് 4 ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കുന്നു.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകളുടെ വായ്പ പരിധി ഉയര്‍ത്തണമെന്ന ആവശ്യം വളരെ കാലമായി നിലനില്‍ക്കുന്നതാണ്. കേന്ദ്ര സര്‍ക്കാരിനെതിരേ കര്‍ഷക പ്രഷോഭങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ ആവശ്യം ഇത്തവണ അനുഭാവ പൂര്‍വം പരിഗണിക്കപ്പെട്ടേക്കുമെന്നാണ് സൂചന. രാജ്യത്ത് കാര്‍ഷികവൃത്തി കുറഞ്ഞുവരുന്നവെന്ന റിപ്പോര്‍ട്ടുകളും സര്‍്ക്കാര്‍ ഗൗരവത്തോടെ കാണുന്നുണ്ട്. സമീപ വര്‍ഷങ്ങളില്‍ കാര്‍ഷിക ചെലവ് ഗണ്യമായി വര്‍ധിച്ചതും വായ്പ പരിധി വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം എന്നും, വായ്പ പരിധി ഉയര്‍ത്തുന്നത് മേഖലയെ പരിപോക്ഷിപ്പിക്കുമെന്നും അടുത്തവൃത്തങ്ങള്‍ പറയുന്നു. മെച്ചപ്പെട്ട ഉപകരണങ്ങള്‍, മെച്ചപ്പെട്ട വിത്തുകള്‍, കാര്‍ഷിക സാങ്കേതികവിദ്യ എന്നിവ ഉപയോഗിക്കാന്‍ ഇത് കര്‍ഷകരെ പ്രാപ്തരാക്കുമെന്നു വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.
2023 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കീമിന് കീഴില്‍ 7.4 കോടിയിലധികം സജീവ അക്കൗണ്ടുകള്‍ ഉണ്ട്. ഇതില്‍ കുടിശികയായ 8.9 ലക്ഷം കോടി വായ്പകള്‍ അടങ്ങുന്നു. 2024 ഒക്ടോബറോടെ, സഹകരണ- പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ 167.53 ലക്ഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്.