മുംബൈ: എന്‍എസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌ത കമ്പനികളിലെ ആഭ്യന്തര നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം കഴിഞ്ഞ ഏഴ് ത്രൈമാസങ്ങള്‍ക്കിടെ ആദ്യമായി കുറഞ്ഞു.
മ്യൂച്വല്‍ ഫണ്ടുകളും ചില്ലറ നിക്ഷേപകരും രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ എല്‍ഐസിയും വിപണിയുടെ ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുപ്പിന് മുതിര്‍ന്നതിനെ തുടര്‍ന്നാണ് ആഭ്യന്തര നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം കുറഞ്ഞത്.
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ മൊത്തം ഓഹരി മൂല്യത്തിന്റെ 25.50 ശതമാനമായി ആഭ്യന്തര നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം കുറഞ്ഞു. കഴിഞ്ഞ ആറ് ത്രൈമാസങ്ങളിലായി ആഭ്യന്തര നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം വര്‍ധിച്ചുവരികയായിരുന്നു.
2023 ജൂണ്‍ 30ലെ കണക്ക് പ്രകാരം എന്‍എസ്‌ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യം 294 ലക്ഷം കോടി രൂപയാണ്. മാര്‍ച്ച് 31ന് ആഭ്യന്തര നിക്ഷേപകര്‍ക്ക് ലിസ്റ്റഡ് കമ്പനികളില്‍ 25.73 ശതമാനം ഓഹരി പങ്കാളിത്തമാണുണ്ടായിരുന്നത്.
2022 സെപ്‌റ്റംബര്‍ 30ന് ഇത് 22.40 ശതമാനമായിരുന്നു. അതേ സമയം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 18.94 ശതമാനമായി വര്‍ധിച്ചു. മാര്‍ച്ച് 31ന് ഇത് 18.87 ശതമാനമായിരുന്നു.
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ആഭ്യന്തര നിക്ഷേപകര്‍ 3368 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. അതേ സമയം വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ 1.02 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 15.19 ശതമാനം ഓഹരികളാണ് കൈവശം വെക്കുന്നത്. വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരേക്കാള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം കുറഞ്ഞു.