
കൊച്ചി: പ്രമുഖ അമേരിക്കൻ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ(Lockheed Martin) സി 130 ജെ ഹെർക്കുലീസ്(C 130J Herculees) ടാക്‌ടിക്കല്‍ എയർലിഫ്റ്റർ പദ്ധതിയുടെ വിപുലീകരണത്തിനായി ഇന്ത്യയിലെ(India) ടാറ്റ അഡ്‌വാൻസ്‌ഡ് സിസ്‌റ്റവുമായി(Tata Advanced Systems) കൈകോർക്കുന്നു.
ഇന്ത്യൻ വ്യോമസേനയുടെ മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് (എംടിഎ/MTA) പദ്ധതിക്കായി സി 130 ജെ വിമാനങ്ങളുടെ നിർമ്മാണവും അസംബ്ലിയും അടുത്ത ഘട്ടത്തില്‍ നടത്തും.
ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന സി 130 ജെ ഹെർക്കുലീസ് എയർക്രാഫ്‌റ്റുകളുടെ പരിപാലനം, അറ്റകുറ്റപണികള്‍, പുതുക്കല്‍(എം.ആർ.ഒ) കേന്ദ്രം ലോക്‌ഹീഡ് മാർട്ടിനും ടാറ്റ അഡ്‌വാൻസ്‌ഡ് സിസ്റ്റവും സംയുക്തമായി ഇന്ത്യയില്‍ സ്ഥാപിക്കും.
മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന സി 130 ജെ എയർക്രാഫ്റ്റുകള്‍ക്കുള്ള സേവനങ്ങളും ഇവിടെ നിന്ന് നല്‍കും. വിമാനങ്ങളുടെ പരിപാലനത്തിനും അറ്റകുറ്റപണികള്‍ക്കും പുതുക്കലിനുമായി ഇന്ത്യയില്‍ ആരംഭിക്കുന്ന ആദ്യ സമ്ബൂർണ എം.ആർ.ഒ സംവിധാനമാണിത്.
വ്യോമസേനയ്ക്ക് മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റുകള്‍ നിർമ്മിക്കാനുള്ള കരാർ ലോക്‌ഹീഡ് മാർട്ടിൻ ലഭിച്ചാല്‍ ഉത്പാദന സംവിധാനം ആരംഭിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ കഴിഞ്ഞ ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് പിന്നാലെയാണ് ലോക്‌ഹീഡിന്റെ പ്രഖ്യാപനം.
ആത്മനിർഭാർ ഭാരതിന് കരുത്താകും
എയർക്രാഫ്റ്റ് നിർമ്മാണ, പരിപാലന മേഖലകളിലെ ആഗോള കേന്ദ്രമായി ഉയരാൻ ലോക്ഹീഡ് മാർട്ടിനും ടാറ്റ അഡ്‌വാൻസ്‌ഡ് സിസ്റ്റവുമായുള്ള പങ്കാളിത്തം അവസരമൊരുക്കും.
മൊബൈല്‍ ഫോണുകള്‍, സെമികണ്ടക്‌ടർ ചിപ്പുകള്‍, വാഹനങ്ങള്‍ എന്നിവയുടെ ഉത്പാദന മേഖലയില്‍ വലിയ നിക്ഷേപം ആകർഷിക്കുന്ന ഇന്ത്യയ്ക്ക് വിമാന നിർമ്മാണ രംഗത്തും വിപുലമായ സാദ്ധ്യതകളാണുള്ളത്.
സി 130 ജെ ഹെർക്കുലീസ്
സി 130 ജെ ഹെർക്കുലീസ് ഏത് ദൗത്യവും വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള ശേഷിയുള്ള ഒരു ടാക്റ്റിക്കല്‍ എയർലിഫ്റ്റ് വിമാനമാണ്, സി 130 ഹെർക്കുലീസിന്റെ നിലവിലുള്ള മോഡലായ സി 130 ജെ 22 രാജ്യങ്ങളിലെ 26 ഓപ്പറേറ്റർമാർ ഉപയോഗിക്കുന്നു.
ഇന്ത്യൻ വ്യോമസേനയുടെ കൈവശം 12 സി 130 ജെ വിമാനങ്ങളടങ്ങിയ ഒരു ഫ്ളീറ്റുണ്ട്.