മുംബൈ: 2022 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 57 ശതമാനം വളർച്ചയോടെ 3,148 കോടി രൂപയുടെ വിൽപ്പന വരുമാനം രേഖപ്പെടുത്തി മാക്രോടെക് ഡെവലപ്പേഴ്‌സ്. സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ പ്രകടനം എക്കാലത്തെയും ഉയർന്ന നിലവാരമായ 6,004 കോടി രൂപയിലെത്തിയതായി കമ്പനി അറിയിച്ചു.
കമ്പനിയുടെ ഇന്ത്യയിലെ കളക്ഷൻ 24 ശതമാനം ഉയർന്ന് 2,375 കോടി രൂപയായപ്പോൾ അറ്റ കടം 8,796 കോടി രൂപയായി കുറഞ്ഞു. സെപ്റ്റംബർ പാദം തങ്ങളുടെ എക്കാലത്തെയും മികച്ച രണ്ടാം പാദമായിരുനെന്നും. കഴിഞ്ഞ മൂന്ന് പാദങ്ങളിൽ ഇത് രണ്ടാം തവണയാണ് 3,000 കോടി രൂപയുടെ വിൽപ്പന മറികടക്കുന്നതെന്നും ലോധ ഗ്രൂപ്പ് എംഡിയും സിഇഒയുമായ അഭിഷേക് ലോധ പറഞ്ഞു.
ഈ കണക്കുകൾ ശക്തമായ ഭവന ആവശ്യകതയെ സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഈ പാദത്തിൽ, കമ്പനി 2.2 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണവും 3,100 കോടി രൂപയുടെ മൊത്ത വികസന മൂല്യ സാധ്യതയുമുള്ള നാല് പുതിയ പദ്ധതികൾ ചേർത്തു. കൂടാതെ ഹരിത ഗുപ്തയെ സ്വതന്ത്ര ഡയറക്ടറായി ഉൾപ്പെടുത്തി കമ്പനി അതിന്റെ ബോർഡ് ശക്തിപ്പെടുത്തി. ഡിജിറ്റൽ, ഐടി സേവനങ്ങളിൽ അവർക്ക് മൂന്ന് പതിറ്റാണ്ടിലേറെയായി ഉള്ള ആഗോള പരിചയമുണ്ട്.