തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വ്യവസായസംരംഭങ്ങൾ വ്യാപിപ്പിക്കുന്നതിനും പ്രാദേശികതലത്തിൽ അടിസ്ഥാന സൗകര്യവികസനത്തിനും ‘ലാൻഡ് പൂളിങ്’ രീതിയിൽ പദ്ധതി തയ്യാറാക്കി സർക്കാർ. ഒരു പ്രദേശത്തെ ഭൂമി, ഉടമകളുടെ സമ്മതത്തോടെ വികസനാവശ്യത്തിനായി വിജ്ഞാപനംചെയ്യുന്ന രീതിയാണിത്.
ഇതിൽ ഒരുഭാഗം വ്യവസായസംരംഭങ്ങൾക്ക് നൽകും. അതിൽനിന്ന് ലഭിക്കുന്ന തുകകൊണ്ട് ബാക്കിഭാഗത്ത് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തും. സംരംഭങ്ങൾക്ക് നൽകിയതിനുശേഷമുള്ള മുഴുവൻ ഭൂമിയും ഉടമകൾക്ക് ആനുപാതികമായി വിട്ടുനൽകും.
സൗകര്യങ്ങൾ കൂടുന്നതോടെ ഈ ഭൂമിയുടെ വില പലമടങ്ങ് കൂടുമെന്നതാണ് ഉടമകൾക്കുള്ള നേട്ടമായി സർക്കാർ പറയുന്നത്.
തദ്ദേശസ്വയംഭരണവകുപ്പ് ഗ്രാമ-നഗര ആസൂത്രണ നിയമത്തിൽ ഭേദഗതിവരുത്തിയപ്പോൾ ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു. അതിനുള്ള ചട്ടവും തയ്യാറാക്കിക്കഴിഞ്ഞു. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവയ്ക്കാണ് ഇതിനുള്ള അധികാരമുള്ളത്.
ഏതെങ്കിലും പ്രദേശം ‘ലാൻഡ് പൂൾ’ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വിജ്ഞാപനമിറക്കും. ഇതിൽ ഭൂ ഉടമകൾക്ക് അഭിപ്രായം അറിയിക്കാം. 75 ശതമാനംപേരും അനുകൂലിച്ചാൽ ‘ലാൻഡ് പൂൾ’ ചെയ്യും. വിലനൽകാതെയാണ് ഭൂമി വാങ്ങുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ഉപയോഗിക്കാത്ത ഭൂമിയും വ്യവസായസംരംഭങ്ങൾക്ക് നൽകാൻ സർക്കാർ ആലോചിക്കുന്നു. ഇത്തരം ഭൂമി എത്രയുണ്ടെന്ന കണക്കെടുക്കാൻ വ്യവസായവകുപ്പ് മാപ്പിങ് നടത്തുന്നുണ്ട്.
തദ്ദേശസ്ഥാപനങ്ങളിൽ ബ്ലോക്ക് പഞ്ചായത്തുകളുടെ ഉടമസ്ഥതയിലാണ് കൂടുതലും ഭൂമിയുള്ളത്. വ്യവസായ സഹകരണസംഘങ്ങൾ, ഖാദിബോർഡ് അടക്കമുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്കും ഉപയോഗിക്കാത്ത ഭൂമിയുണ്ട്.
പഞ്ചായത്തുകളുടെ കൈവശമുള്ള ഭൂമി അവരുടെ ഉടമസ്ഥതയിൽതന്നെ നിലനിർത്തി മിനി വ്യവസായ പാർക്കാക്കിമാറ്റാനാണ് തീരുമാനം. ഇതിനുള്ള അടിസ്ഥാനസൗകര്യമൊരുക്കുന്നതിന് മൂന്നുകോടി രൂപ സർക്കാർ നൽകും.
ഇതിനുള്ള മാനദണ്ഡങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പുമായി ചേർന്ന് വ്യവസായവകുപ്പ് ഉടൻ പുറത്തിറക്കും.