മുംബൈ: എൽ ആൻഡ് ടി കൺസ്ട്രക്ഷൻ ബിസിനസിന്റെ ബിൽഡിംഗ്സ് & ഫാക്‌ടറീസ് വിഭാഗത്തിന് ഇപിസി അടിസ്ഥാനത്തിൽ അസം സംസ്ഥാന സർക്കാരിൽ നിന്ന് സുപ്രധാന ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്ന് ലാർസൻ ആൻഡ് ടൂബ്രോ അറിയിച്ചു. എൽ ആൻഡ് ടിയുടെ വർഗ്ഗീകരണം അനുസരിച്ച് സുപ്രധാന പദ്ധതിയുടെ മൂല്യം 1,000 കോടി മുതൽ 2,500 കോടി വരെയാണ്.
ഈ പദ്ധതിക്ക് കീഴിൽ, കമ്പനി അസമിലെ ഗോലാഘട്ടിൽ ഒരു പുതിയ മെഡിക്കൽ കോളേജും ആശുപത്രിയും നിർമ്മിക്കും. 430 കിടക്കകളുള്ള ഒരു ടീച്ചിംഗ് ഹോസ്പിറ്റൽ, 100 വിദ്യാർഥികൾക്കായുള്ള ഒരു അക്കാദമിക് ബ്ലോക്ക്, ഒരു ഓട്ടോപ്സി ബ്ലോക്ക്, ഒരു സ്വകാര്യ വാർഡ്, ഹോസ്റ്റൽ, പാർപ്പിട സൗകര്യങ്ങൾ എന്നിവ ഈ സൗകര്യത്തിൽ ഉൾപ്പെടും.
എൻഎംസി മാനദണ്ഡങ്ങൾക്കനുസൃതമായി പദ്ധതി നടപ്പിലാക്കുമെന്നും. ഇത് 36 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും കമ്പനി അറിയിച്ചു. ജോലിയുടെ പരിധിയിൽ പൈലിംഗ്, സിവിൽ സ്ട്രക്ചർ, മെഡിക്കൽ ഗ്യാസ് പൈപ്പിംഗ്, മോഡുലാർ ഒടി മുതലായവയുടെ വിതരണം, ഇൻസ്റ്റാളേഷൻ, കമ്മീഷൻ ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള അനുബന്ധ സേവനങ്ങളും ഏരിയ വികസനം ഉൾപ്പെടെയുള്ള ബാഹ്യ വികസന പ്രവർത്തനങ്ങളും ഉൾപ്പെടുന്നു.
ഇപിസി പ്രോജക്ടുകൾ, ഹൈടെക് നിർമ്മാണം, സേവനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണ് ലാർസൻ ആൻഡ് ടൂബ്രോ. ലോകമെമ്പാടുമുള്ള 50-ലധികം രാജ്യങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. ബിഎസ്ഇയിൽ ലാർസൻ ആൻഡ് ടൂബ്രോയുടെ ഓഹരികൾ 0.59 ശതമാനം ഉയർന്ന് 1,851 രൂപയിലെത്തി.