
മുംബൈ: മുംബൈയിലും ബാംഗ്ലൂരിലുമായി ഏകദേശം 6 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്‌പെയ്‌സുകൾ വികസിപ്പിക്കാൻ പദ്ധതിയിട്ട് ലാർസൻ ആൻഡ് ടൂബ്രോയുടെ റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് വിഭാഗമായ എൽ ആൻഡ് ടി റിയൽറ്റി.
ഇതിനായി ഒരു വാണിജ്യ പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിന് സിംഗപ്പൂരിൽ ലിസ്റ്റ് ചെയ്‌ത ക്യാപിറ്റലാൻഡ് ഇന്ത്യ ട്രസ്റ്റ് മാനേജ്‌മെന്റുമായി കമ്പനി കരാറിൽ ഏർപ്പെട്ടു. ഈ പ്ലാറ്റ്‌ഫോമിന് കീഴിൽ, എൽ ആൻഡ് ടി ഓഫീസ് സ്‌പെയ്‌സുകൾ നിർമ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യുമ്പോൾ, ക്യാപിറ്റലാൻഡ് ഇന്ത്യ ട്രസ്റ്റ് ഈ പദ്ധതികൾ വിപണനം ചെയ്യും.
കൂടാതെ ക്യാപിറ്റലാൻഡ് ഇന്ത്യ ട്രസ്റ്റ് ഘട്ടം ഘട്ടമായി ഈ വസ്‌തുക്കളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കും. എൽ ആൻഡ് ടി റിയൽറ്റിയുടെ ഈ ഓഫീസ് പ്രോജക്ടുകളിലെ ക്യാപിറ്റലാൻഡിന്റെ മൊത്തം നിക്ഷേപം ഏകദേശം $1 ബില്യണിലധികം വരും. എൽ ആൻഡ് ടിയുമായുള്ള നിർദ്ദിഷ്ട വാണിജ്യ പ്ലാറ്റ്‌ഫോം ക്യാപിറ്റലാൻഡ് ഇന്ത്യ ട്രസ്റ്റിന് സുസ്ഥിരമായ മൈക്രോ മാർക്കറ്റുകളിലെ സാന്നിധ്യം വർദ്ധിപ്പിക്കാനുള്ള അവസരം നൽകുന്നു.
ട്രസ്റ്റിന് ഇതിനകം 8 ഇൻഫർമേഷൻ ടെക്നോളജി (ഐടി) ബിസിനസ് പാർക്കുകൾ, 1 ലോജിസ്റ്റിക് പാർക്ക്, 1 വ്യവസായ സൗകര്യം, 1 ഡാറ്റാ സെന്റർ വികസനം എന്നിവ ഉണ്ട്. ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, പൂനെ, മുംബൈ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 15.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം ഈ പോർട്ട്ഫോളിയോയ്ക്കുണ്ട്.