
ഡൽഹി: എഞ്ചിനീയറിംഗ് പ്രമുഖരായ ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) കമ്പനി നിർമ്മിച്ച് പ്രവർത്തിപ്പിച്ചിരുന്ന തങ്ങളുടെ എട്ട് പ്രവർത്തന റോഡ് ആസ്തികൾ 7,000 കോടി രൂപയുടെ എന്റർപ്രൈസ് മൂല്യത്തിന് എഡൽവീസ് ആൾട്ടർനേറ്റീവ് അസറ്റ് അഡൈ്വസേഴ്‌സ് നിയന്ത്രിക്കുന്ന ഇൻഫ്രാസ്ട്രക്ചർ ഫണ്ടായ എഡൽവീസ് ഇൻഫ്രാസ്ട്രക്ചർ യീൽഡ് പ്ലസിന് വിൽക്കുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കമ്പനി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI), സെബി എന്നിവയിൽ നിന്നുള്ള റെഗുലേറ്ററി അനുമതികൾക്കായി കാത്തിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. ഈ ഇടപാടിൽ ഒരു പവർ ട്രാൻസ്മിഷൻ അസറ്റും ഉൾപ്പെടുന്നു.
എൽ & ടിയുടെ അസറ്റ്-ലൈറ്റ് സ്ട്രാറ്റജിയുടെ ഭാഗമാണ് ഓഹരി വിറ്റഴിക്കലെന്നും, ഇത് കമ്പനിയെ നിരവധി നോൺ-കോർ അസറ്റുകളിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുമെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. എഡൽവീസ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് സെകുറ റോഡ്‌സ്, സെകുറ എനർജി എന്നിങ്ങനെ രണ്ട് ഓപ്പറേറ്റിംഗ് പ്ലാറ്റ്‌ഫോമുകളുണ്ട്. എൽ & ടിയുടെ റോഡ്, പവർ ട്രാൻസ്മിഷൻ ആസ്തികൾ കമ്പനിയുടെ അനുബന്ധ സ്ഥാപനമായ എൽ & ടി ഐഡിപിഎല്ലിന്റെ ഉടമസ്ഥതയിലാണ്. എൽ & ടി ഐഡിപിഎല്ലിൽ എൽ & ടിക്ക് 51:49% ഓഹരിയും സിപിപിഐബിക്ക് 49% ഓഹരിയുമുണ്ട്.
കമ്പനിക്ക് നിലവിൽ അഞ്ച് സംസ്ഥാനങ്ങളിലായി ഏകദേശം 5,000 ലെയ്ൻ കിലോമീറ്റർ ഉള്ള 13 പ്രവർത്തന റോഡുകളുടെ പോർട്ട്‌ഫോളിയോ ഉണ്ട്. കൂടാതെ, എൽ ആൻഡ് ടി ഐഡിപിഎൽ ഒരു കടരഹിത കമ്പനിയായി മാറിയെന്ന് എൽ ആൻഡ് ടി ഈയിടെ അതിന്റെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതേസമയം, കഴിഞ്ഞ വർഷം എഡൽവീസ് ഇൻഫ്രാസ്ട്രക്ചർ യീൽഡ് പ്ലസ് ഫ്രഞ്ച് യൂട്ടിലിറ്റി പ്രമുഖരായ എഞ്ചി ഗ്രൂപ്പിന്റെ ഇന്ത്യയിലെ സോളാർ ആസ്തികളുടെ 74% ഓഹരികൾ സ്വന്തമാക്കിയിരുന്നു.