
കൊച്ചി: സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടുള്ള ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ പ്രതികരണവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലി. ലുലു ഗ്രുപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികൾ നാളെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഐടി സേവന മേഖലയിലും ഭക്ഷ്യ സംസ്കരണ രംഗത്തും നിക്ഷേപം നടത്തുമെന്ന് പറഞ്ഞു.
വികസന കാര്യത്തിൽ സംസ്ഥാനത്ത് മുന്നണികൾ ഏകാഭിപ്രായമായത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എത്ര തുക നിക്ഷേപിക്കുമെന്നോ, എന്താണ് പദ്ധതികളെന്നോ എംഎ യൂസഫലി വ്യക്തമാക്കിയിട്ടില്ല.
അതിനിടെ കേരളത്തിൽ വരും വർഷങ്ങളിൽ 30000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പിന് വേണ്ടി സമ്മിറ്റിൽ പങ്കെടുത്ത കരൺ അദാനി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖത്തിൻ്റെ ഭാഗമായി 20000 കോടിയുടെ അധിക നിക്ഷേപവും കൊച്ചിയിൽ 5000 കോടിയുടെ ഇ-കൊമേഴ്സ് ഹബ്ബും സ്ഥാപിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലും 5000 കോടി നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
കേന്ദ്ര മന്ത്രിമാരും വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും ഉൾപ്പെടെ മൂവായിരത്തിലേറെ പ്രതിനിധികൾ രണ്ട് ദിവസത്തെ സമ്മിറ്റിൽ പങ്കെടുക്കുന്നുണ്ട്.