
ഏതാണ്ട് 15,000 കോടി രൂപയോളം പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കുന്ന ലുലു ഗ്രൂപ്പ് അബുദാബി ഐപിഒ പൂർത്തിയാകുന്നതോടെ ലുലു ഗ്രൂപ്പിൻ്റെ മൂല്യം ഉയരും. ഏകദേശം 58,800 കോടി രൂപയിലേറെയായിരിക്കും മൂല്യം എന്ന് റിപ്പോർട്ടുകളുണ്ട്.
ഓഹരി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെയും പ്രമോട്ടർമാരുടെയും ആസ്തിയിൽ വർധന വരുത്താൻ നിലവിലെ ഓഹരി വിൽപ്പന സഹായകമാകും. ഓഹരികളുടെ മൂല്യം ഉയരുന്നത് നിക്ഷേപകർക്കും ഗുണമാകും. കുറഞ്ഞത് 1,000 ഓഹരികളാണ് വാങ്ങേണ്ടത്.
ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളിയാണ്.
ഫോബ്‌സിൻ്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്, 2024 സെപ്തംബർ വരെ, ഏകദേശം 73,040 കോടി രൂപ ആസ്തിയുണ്ട്. രാജ്യത്തെ ഏറ്റവും സമ്പന്നരിൽ 39-ാം സ്ഥാനത്തുണ്ട്. മിഡിൽ ഈസ്റ്റിൽ മാത്രമല്ല, ആഫ്രിക്കയിലും ഇന്ത്യയിലും സാനിധ്യമുള്ള റീട്ടെയിൽ പവർഹൗസാണ് ഇപ്പോൾ ലുലു ഗ്രൂപ്പ്.
24 വർഷത്തിനുള്ളിൽ ശക്തമായ ഒരു ആഗോള ബിസിനസ് ശൃംഖല പടുത്തുയർത്തിയ മലയാളിയാണ് യൂസഫലി . തൃശൂർ ജില്ലയിലെ നാട്ടികയിൽ ആണ് ജനനം. കരാഞ്ചിറയിലെ സെൻ്റ് സേവ്യേഴ്‌സ് ഹൈസ്‌കൂളിൽ ആയിരുന്നു ആദ്യകാല സ്കൂൾ വിദ്യാഭ്യാസം. ബിസിനസ് മാനേജ്‌മെൻ്റ് ആൻഡ് അഡ്മിനിസ്‌ട്രേഷനിൽ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്.
1973-ൽ, 18-ാം വയസ്സിൽ, അമ്മാവൻ്റെ ബിസിനസിൽ ചേരാനാണ് അബുദാബിയിൽ എത്തുന്നത്. ഇതാണ് സംരംഭകത്വ യാത്രയുടെ തുടക്കം.
1990-ൽ സൂപ്പർമാർക്കറ്റ് മേഖലയിലേക്ക് ലുലു ഗ്രൂപ്പ് മാറി. പലചരക്ക് കടകൾ വലിയ ഔട്ട്‌ലെറ്റുകൾക്കും ഹൈപ്പർമാർക്കറ്റുകൾക്കും വഴിമാറുന്ന അബുദാബിയിലെ റീട്ടെയിൽ ലാൻഡ്‌സ്‌കേപ്പിലെ മാറ്റത്തിനനുസരിച്ചായിരുന്നു അദ്ദേഹം ബിസിനസ് വിപുലീകരിച്ചത്.
ഇതാണ് ലുലു ഹൈപ്പർമാർക്കറ്റുകൾക്ക് പിന്നിൽ. ഗൾഫിലും ഇന്ത്യയിലും 256 ഹൈപ്പർമാർക്കറ്റുകളും മാളുകളും ഉൾക്കൊള്ളുന്നതാണ് ലുലുവിൻ്റെ റീട്ടെയിൽ ശൃംഖല.
65000ൽ അധികം ജീവനക്കാർ
ലുലു ഗ്രൂപ്പ് ഇൻ്റർനാഷണലിന് 65,000-ത്തിലധികം ജീവനക്കാരുണ്ട്. 42 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർ കമ്പനിയിൽ പ്രവർത്തിക്കുന്നു.
30,000-ത്തിലധികം പേർ ഇന്ത്യക്കാരാണ്. യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, യെമൻ, സൗദി അറേബ്യ, ബഹ്റൈൻ, ഈജിപ്ത്, കെനിയ, ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഹൈപ്പർമാർക്കറ്റുകളുടെയും റീട്ടെയിൽ കമ്പനികളുടെയും ശൃംഖലയാണ് ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ.
കമ്പനിയുടെ ആസ്ഥാനവും അബുദാബിയിലാണ്.