കൊച്ചി: തെലങ്കാനയിൽ 5 വർഷത്തിനകം 3500 കോടിയിലധികം രൂപയുടെ നിക്ഷേപപദ്ധതികൾ നടപ്പാക്കുമെന്നു ലുലു ഗ്രൂപ്പ്. നേരത്തെ പ്രഖ്യാപിച്ച 500 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പർ മാർക്കറ്റും ഓഗസ്റ്റ് അവസാനം തുറക്കും.
ഹൈദരാബാദിലെ ആദ്യ ലുലു മാളിനെക്കുറിച്ചു വിശദീകരിക്കാൻ തെലങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവുവിനൊടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയാണു പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.
22 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ 2,000 കോടി രൂപ മുതൽ മുടക്കിൽ ഹൈദരാബാദിൽ ഏറ്റവും വലിയ മാൾ നിർമിക്കുമെന്നു യൂസഫലി പറഞ്ഞു.
സമീപ നഗരങ്ങളിൽ 1000 കോടി ചെലവിട്ടു മിനി മാളുകൾ നിർമിക്കും. 200 കോടി മുതൽമുടക്കിൽ ഹൈദരാബാദിനടുത്ത് ചെങ്കിചർളയിൽ മത്സ്യ, മാംസ സംസ്കരണ കേന്ദ്രം തുറക്കും.
പ്രാദേശികമായ വികസനത്തിനൊപ്പം ഒട്ടേറെ തൊഴിലവസരങ്ങളും ലഭ്യമാകും. തെലങ്കാനയിലെ കർഷകരിൽ നിന്നു പച്ചക്കറിയും പഴങ്ങളും ശേഖരിച്ചു കയറ്റുമതി ചെയ്യുന്നതിനായി ഹൈദരാബാദ് വിമാനത്താവളത്തിനു സമീപം ഫുഡ് സോഴ്സിങ് ലോജിസ്റ്റിക്സ് ഹബ് നിർമിക്കും.
150 കോടിയുടെ പദ്ധതിയാണിത്. മത്സ്യ സംസ്കരണ പദ്ധതിയും നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ മുൻനിര കമ്പനിയായ ലുലു ഗ്രൂപ്പ് ഒരു ഇന്ത്യക്കാരന്റെയാണ് എന്നതിൽ അഭിമാനിക്കുന്നവെന്നും യൂസഫലിയുടെ നിശ്ചയദാർഢ്യവും കാഴ്ചപ്പാടും മാതൃകാപരമാണെന്നും കെ.ടി.രാമറാവു പറഞ്ഞു.
ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിനായി അനുവദിച്ച 25 ഏക്കർ സ്ഥലത്തിന്റെ അലോട്മെന്റ് രേഖ തെലങ്കാന ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ മാനേജിങ് ഡയറക്ടർ ഇ.വി നരസിംഹ റെഡ്ഡി യൂസഫലിക്കു കൈമാറി.
കുക്കാട്ട്പള്ളിയിലെ മഞ്ജീര മാൾ 300 കോടി ചെലവിട്ടു നവീകരിച്ചാണു ഹൈദരാബാദിലെ ആദ്യ ലുലു മാൾ തുറക്കുന്നത്. 2000 പേർക്കു നേരിട്ടു തൊഴിൽ ലഭിക്കും.