ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ സമാപിച്ചുപുനരുപയോഗ ഊർജ ഉത്പാദനത്തിൽ മുന്നേറ്റംഅടിസ്ഥാന വ്യവസായ മേഖലയില്‍ ഉത്പാദനം തളരുന്നുലോകത്തെ മൂന്നാമത്തെ തേയില കയറ്റുമതി രാജ്യമായി ഇന്ത്യകേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചു

ആന്ധ്രാപ്രദേശിലേക്ക് വമ്പൻ പദ്ധതികളുമായി ലുലു ഗ്രൂപ്പ് മടങ്ങിയെത്തുന്നു

രിക്കൽ‌ 2,300 കോടിയിലേറെ രൂപ മതിക്കുന്ന പദ്ധതികൾക്ക് തറക്കല്ലിട്ടശേഷം പിൻവാങ്ങേണ്ടി വന്ന ആന്ധ്രാപ്രദേശിലേക്ക് വമ്പൻ പദ്ധതികളുമായി ലുലു ഗ്രൂപ്പ് മടങ്ങിയെത്തുന്നു. മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പ്രതികൂല നിലപാടു മൂലമായിരുന്നു നേരത്തേ ലുലുവിന് ആന്ധ്രയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നത്.

എന്നാൽ, വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ചന്ദ്രബാബു നായിഡു മുൻകൈ എടുത്ത് ലുലു ഗ്രൂപ്പിനെ വീണ്ടും ആന്ധ്രയിൽ തിരിച്ചെത്തിച്ചിരിക്കുകയാണ്.

വിശാഖപട്ടണത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി മോഡൽ) നിർമിക്കുന്ന വമ്പൻ ഷോപ്പിങ് മാളിനായി ലുലു ഗ്രൂപ്പിന് 13.43 ഏക്കർ ഭൂമി അനുവദിച്ച് ആന്ധ്ര സർക്കാർ ഉത്തരവിറക്കി. വിശാഖപട്ടണം ബീച്ച് റോഡിലെ ഹാർബർ പാർക്കിൽ 99 വർഷത്തെ പാട്ടത്തിനാണ് ഭൂമി അനുവദിച്ചത്.

നേരത്തെ, 2014 മുതൽ 2019 വരെ നായിഡു മുഖ്യമന്ത്രിയായിരുന്ന കാലത്താണ് തുറമുഖ, വ്യവസായ നഗരമായ വിശാഖപട്ടണത്ത് 2,300 കോടിയിലധികം രൂപയുടെ നിക്ഷേപത്തോടെ വൻ പദ്ധതികൾക്ക് ലുലു ഗ്രൂപ്പ് തയ്യാറെടുത്തത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ, രാജ്യാന്തര കൺവെൻഷൻ സെന്‍റർ എന്നിവയായിരുന്നു പദ്ധതിയിലുണ്ടായിരുന്നത്. ഇതിനായി 14 ഏക്കറോളം സ്ഥലം ലുലു ഗ്രൂപ്പിന് നൽകാനും ചന്ദ്രബാബു നായിഡു സർക്കാർ തീരുമാനിച്ചിരുന്നു.

എന്നാൽ, 2019ൽ മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപി സർക്കാർ, ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിച്ചതോടെ പദ്ധതി ഉപേക്ഷിച്ച് ലുലു ഗ്രൂപ്പിന് ആന്ധ്രയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു.

ജഗന്‍റെ നിലപാട് മൂലം ആന്ധ്രയിലെ ജനങ്ങൾക്ക് നഷ്ടമായത് ആയിരക്കണക്കിന് തൊഴിലവസരങ്ങളാണെന്ന് നായിഡു ആരോപിച്ചിരുന്നു. ആന്ധ്രയിൽ ഇനി നിക്ഷേപ പദ്ധതികൾക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു അന്നു ലുലുവിന്റെ പിൻവാങ്ങൽ.

ആന്ധ്രയിൽ നിന്ന് പിന്മാറിയ ലുലു ഗ്രൂപ്പ് അയൽസംസ്ഥാനമായ തെലങ്കാന, കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട്, കേരളം, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഷോപ്പിങ് മാളുകൾ ഉൾപ്പെടെ പിന്നീട് വൻ നിക്ഷേപ പദ്ധതികൾ നടപ്പാക്കിയിരുന്നു.

തെലങ്കാനയിലെ ഹൈദരാബാദിൽ ഷോപ്പിംഗ് മാൾ ആരംഭിച്ച ലുലു ഗ്രൂപ്പ് 3,000 കോടിയോളം രൂപയുടെ അധിക നിക്ഷേപവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തിയ ചന്ദ്രബാബു നായിഡു, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി കൂടിക്കാഴ്ച നടത്തുകയും പൂർണപിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ്, ആന്ധ്രയിലേക്കുള്ള ലുലുവിന്റെ ഈ ‘റീ എൻട്രി’.

ലോകോത്തര നിലവാരത്തിൽ, വേറിട്ട ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന പദ്ധതിയാണ് വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പ് ഒരുക്കുന്നത്.

ദേശീയ, രാജ്യാന്തര ബ്രാൻഡുകൾ, ഹൈപ്പർമാർക്കറ്റ്, 8-സ്ക്രീൻ ഐമാക്സ് സിനിമ, വിശാലമേറിയ ഫുഡ്കോർട്ട്, വിവിധനില പാർക്കിങ് തുടങ്ങിയ സവിശേഷതകളുണ്ടാകും. തദ്ദേശീയർക്കും വിശാഖപട്ടണത്തെത്തുന്ന സന്ദർശകർക്കും ഷോപ്പിങ്ങിനും ഉല്ലാസത്തിനും ഏറെ അനുയോജ്യമായ കേന്ദ്രമായി മാൾ മാറുമെന്ന് ലുലു ഗ്രൂപ്പ് പറയുന്നു.

വിശാഖപട്ടണത്തിന് പുറമെ ആന്ധ്രാ തലസ്ഥാനമായ അമരാവതിയിലും തിരുപ്പതിയിലും ഷോപ്പിംഗ് മാൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവ നിർമ്മിക്കാന്‍ താൽപര്യമുണ്ടെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. വിശാഖപട്ടണത്ത് നിർമാണപ്രവർത്തനങ്ങൾ ഉടൻ തുടങ്ങും.

X
Top