
ഏഷ്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ സാന്നിധ്യം ശക്തമാകുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും വമ്പൻ ഷോപ്പിങ് മാളുകളും തൃപ്രയാറിലെ വൈ മാളിനും ശേഷം, ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഷോപ്പിങ് കേന്ദ്രമായ ലുലു മിനി മാൾ പാലക്കാട് ഉദ്ഘാടനത്തിന് സജ്ജമായിക്കഴിഞ്ഞു. മലയാളികൾക്ക് സുപരിചിതനായ സംരംഭകൻ എംഎ യൂസഫലി നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പിന്റെ കേരളത്തിൽ മറ്റ് പദ്ധതികളുടെ വിശദാംശമാണ് ചുവടെ ചേർക്കുന്നത്.
ലുലു മാൾ കോട്ടയം
3.25 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള കോട്ടയത്തെ ലുലു മിനി മാളിന്റെ നിർമാണം അവസാന ഘട്ടത്തിൽ. 2024 മാർച്ച് മാസത്തോടെ ഉദ്ഘടാനം ചെയ്യാനാകുംവിധം ഷോപ്പിങ് മാളിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.
എംസി റോഡിൽ നാട്ടകം മണിപ്പുഴ ജംഗ്ഷനിലാണ് ലുലു മാൾ ആരംഭിക്കുന്നത്. ഹൈപ്പർമാർക്കറ്റിന് പ്രാധാന്യം നൽകിയുള്ള മാളാണ് നിർമിക്കുന്നത്. ആയിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. 500 പേരെ ഉൾക്കൊള്ളാവുന്ന ഫുഡ് കോർട്ടും 8,600 ചതുരശ്രയടി വിസ്തൃതിയിലുള്ള വിനോദ കേന്ദ്രവും ഷോപ്പിങ് മാളിൽ സജ്ജമാക്കും. കോട്ടയത്തെ മാളിനു വേണ്ടി 250 കോടിയാണ് ലുലു ഗ്രൂപ്പ് ചെലവഴിക്കുന്നത്.
ലുലു മാൾ കോഴിക്കോട്
മിനി ബൈപ്പാസ് റോഡിലാണ് കോഴിക്കോട് ലുലു മാൾ ആരംഭിക്കുന്നത്. ഏകദേശം 20 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ ഉദ്ഘാടനത്തിന് തയ്യാറാകുന്ന കോഴിക്കോട് നഗരത്തിലുള്ള വമ്പൻ ഷോപിങ് മാള്‍, കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പാതയിലാണ് സ്ഥിതി ചെയ്യുന്നത്.
355 കോടി രൂപയാണ് പദ്ധതിക്കുവേണ്ടി ചെലവിടുന്നത്. രണ്ട് ലക്ഷം ചതുരശ്രയടിയുള്ള ലു ലു ഹൈപ്പർമാർക്കറ്റാണ് പ്രധാന ആകർഷണം. 12 സ്ക്രീൻ മൾട്ടിപ്ലെക്സും 75,000 ചതുരശ്രയടിയിലുള്ള വിനോദകേന്ദ്രവും 2,500 പേരെ ഉൾക്കൊള്ളുന്ന ഫുഡ് കോർട്ടും സജജമാക്കും. 3,800 വാഹനങ്ങൾ മാളിൽ പാർക്ക് ചെയ്യാം.
ലുലു മാൾ തിരൂർ
മലപ്പുറം ജില്ലയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ തിരൂരിൽ ലുലു ഗ്രൂപ്പിന്റെ മിനി മാൾ നിർമാണം അതിവേഗം പുരോഗമിക്കുന്നു. തിരൂർ കുറ്റിപ്പുറം റോഡിലാണ് ലുലു മിനി മാൾ നിർമാണം പൂർത്തിയാകുന്നത്.
ലുലു ഹൈപ്പർമാർക്കറ്റിന് പ്രാധാന്യം നൽകിയാണ് ഷോപ്പിങ് മാളിന്റെ നിർമാണം. അധികം വൈകാതെ പ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരം. അതേസമയം മലപ്പുറത്തെ പെരിന്തൽമണ്ണയിലും ലുലു മിനി മാൾ സജ്ജമാക്കുന്നുണ്ട്. പ്രവർത്തനം പ്രാരംഭ ഘട്ടത്തിൽ എത്തിയതേയുള്ളു.
ലുലു മാൾ പാലക്കാട്
രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള മിനി ഷോപ്പിങ് മാളാണ്, ഡിസംബർ 18 മുതൽ പാലക്കാട് പ്രവർത്തനം ആരംഭിക്കുന്നത്. പാലക്കാട് നഗരത്തിന്റെ സമീപ പ്രദേശമായ കണ്ണാടിയിലാണ് മിനി ലുലു മാൾ തുറക്കുന്നത്.
കൊച്ചി – സേലം ദേശീയപാതയോട് ചേർന്നാണ് ഷോപ്പിങ് മാളിന്റെ സ്ഥാനം. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതൽ പൊതുജനങ്ങൾക്കായി മാൾ തുറന്നുകൊടുക്കും.
രണ്ട് നിലയുള്ള ഷോപ്പിങ് മാളിന്റെ പ്രധാന ആകർഷണം ഒരു ലക്ഷം ചതുരശ്രയടി വലിപ്പത്തിലുള്ള ലുലു ഹൈപ്പർ മാർക്കറ്റാണ്. കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറി, പഴം, പാൽ ഉത്പന്നങ്ങളാണ് വിപണനത്തിനായി എത്തിക്കുന്നത്.
ഇറക്കുമതി ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങളും മാളിൽ ലഭ്യമാണ്. ഇതിനോടൊപ്പം ലുലു ഫാഷൻ സ്റ്റോറും ലുലു കണക്ടും ഫൺടൂറയും 250 പേർക്ക് കഴിക്കാനാകുന്ന ഫുഡ് കോർട്ടും മാളിൽ സജ്ജീകരിച്ചിട്ടുണ്ട്.