
കൊച്ചി: യൂഎഇ ആസ്ഥാനമായുള്ള റീട്ടെയിൽ കമ്പനിയായ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ 3,000 കോടി രൂപ മുതൽമുടക്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ അഹമ്മദാബാദിൽ നിർമ്മിക്കാൻ പദ്ധതിയിടുന്നു. അടുത്ത വർഷം ആദ്യം ഷോപ്പിംഗ് മാളിന്റെ നിർമാണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
ഈ പദ്ധതി നിർമിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഈ മെഗാ ഷോപ്പിംഗ് മാളിന്റെ തറക്കല്ലിടൽ അടുത്ത വർഷം ആദ്യം നടക്കും. മാളിൽ 300-ലധികം ദേശീയ അന്തർദേശീയ ബ്രാൻഡുകൾ, മൾട്ടി-ക്യുസിൻ റെസ്റ്റോറന്റുകളുള്ള 3000-ത്തിലധികം ആളുകളുടെ കപ്പാസിറ്റിയുള്ള ഫുഡ് കോർട്ട്, ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ വിനോദ കേന്ദ്രമായ ഐമാക്‌സുള്ള 15 സ്‌ക്രീൻ മൾട്ടിപ്ലക്‌സ് സിനിമാസ്, മറ്റ് നിരവധി ആകർഷണങ്ങൾ എന്നിവ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു.
ദുബായിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അടുത്തിടെ നടത്തിയ യുഎഇ റോഡ് ഷോയ്ക്കിടെ ലുലു ഗ്രൂപ്പും ഗുജറാത്ത് സർക്കാരും തമ്മിൽ ഒപ്പിട്ട ധാരണാപത്രത്തിന്റെ പശ്ചാത്തലത്തിലാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഈ മെഗാ നിക്ഷേപം. ലുലു സംസ്ഥാനത്തിനായുള്ള വിശദമായ പദ്ധതിയും നിക്ഷേപ പദ്ധതികളും യോഗത്തിൽ അവതരിപ്പിച്ചിരുന്നു.
ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായിരിക്കുമെന്നും. നൂറുകണക്കിന് ബ്രാൻഡുകളുള്ള ഈ ഷോപ്പിംഗ് മാൾ അഹമ്മദാബാദിലേക്ക് ദേശീയ അന്തർദേശീയ വിനോദസഞ്ചാരികളെ എത്തിക്കുക മാത്രമല്ല, പ്രാദേശിക സംരംഭകരെയും കാർഷിക മേഖലയെയും മികച്ച രീതിയിൽ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഗ്രൂപ്പിന്റെ ഇന്ത്യൻ ഓപ്പറേഷൻസ് ഡയറക്ടർ അനന്ത് റാം പറഞ്ഞു.
ലുലു ഗ്രൂപ്പിന് നിലവിൽ 10 രാജ്യങ്ങളിലായി 240 ഹൈപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളുമുണ്ട്. ഇന്ത്യയിൽ, കേരളം, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഗ്രൂപ്പിന് അഞ്ച് മെഗാ മാളുകൾ ഉണ്ട്.