
ഹൈദരാബാദ്: ഹൈദരാബാദിലെ വമ്പൻ ഷോപ്പിങ് മാൾ ഏറ്റെടുത്ത് ലുലു ഗ്രൂപ്പ്. ലോകത്താകമാനം നിരവധി റീട്ടെയിൽ ഷോപ്പിങ് മാളുകളുള്ള ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാളുകളുടെ നിരയിലേക്കാണ് ഹൈദരാബാദിലെ കുകട്പള്ളിയിൽ സ്ഥിതിചെയ്യുന്ന മഞ്ജീര മാളും ലുലു ഏറ്റെടുത്തിരിക്കുന്നത്.
കമ്പനി പാപ്പരായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് മഞ്ജീര റീട്ടെയിൽ ഹോൾഡിംഗ്സിൽ നിന്ന് മാൾ ലുലു ഏറ്റെടുത്തത്.
നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ ഉത്തരവനുസരിച്ചാണ് ഈ ഏറ്റെടുപ്പ് നടന്നത്. നേരത്തെ ലുലു ഗ്രൂപ്പ് മഞ്ജീര മാൾ ലീസ് അടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചിരുന്നു. എന്നാൽ ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം മാളിന്റെ ഉടമസ്ഥാവകാശം ലുലുവിന് ലഭിച്ചു.
2023 ജൂലൈയിൽ, മഞ്ജീര റീട്ടെയിലിനെതിരെ ലോൺ തിരിച്ചടവിന്റെ പേരിൽ ഫിനാൻഷ്യൽ ക്രെഡിറ്റർ കാറ്റലിസ്റ്റ് ട്രസ്റ്റീഷൻ കോടതിയിൽ അപ്പീൽ നൽകിയിരുന്നു.
തുടര്‍ന്ന് ജുഡീഷ്യൽ അംഗം രാജീവ് ഭരദ്വാജും ടെക്നിക്കൽ മെമ്പർ സഞ്ജയ് പൂരിയും അടങ്ങിയ ട്രൈബ്യൂണൽ ബെഞ്ച് കോർപ്പറേറ്റ് ഇൻസോൾവൻസി റെസല്യൂഷൻ പ്രോസസ്, അഥവാ പപ്പരത്ത പരിഹാരത്തിന് (CIRP) ഉത്തരവിട്ടിരുന്നു.
ഇതിന്റെ ഭാഗമായുള്ള നടപടികളിൽ, 49 കമ്പനികൾ മഞ്ജീര മാൾ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇവയിൽ ഏഴ് കമ്പനികളെ ക്രെഡിറ്റര്‍ കമ്മിറ്റി ലിസ്റ്റ് ചെയ്തു.
ഇതിൽ 318 കോടി രൂപയുടെ പരിഹാര പദ്ധതി സമർപ്പിച്ച ലുലു ഇന്റർനാഷണലിനെ ക്രെഡിറ്റര്‍ കമ്മിറ്റി അംഗീകരിക്കുകയും, ട്രൈബ്യൂണലും ഈ തീരുമാനം ശരിവയ്ക്കുകയും ആയിരുന്നു.
മഞ്ജീര മാൾ ലുല ഏറ്റെടുത്തതോടെ വലിയ മാറ്റങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ഹൈദാരാബദിലെ റീട്ടെയിൽ രംഗത്ത ശക്തമായ സാന്നിധ്യമായി മാൾ ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷ. മാളിന്റെ പേരിലടക്കം വലിയ മാറ്റങ്ങൾ മഞ്ജീര മാളിൽ ഉണ്ടായേക്കും.
അതേസമയം, വമ്പൻ പദ്ധതികളുമായി ലുലു ഗ്രൂപ്പ് ആന്ധ്ര പ്രദേശിലേക്ക് ചുവടുവച്ചിരുന്നു. വിശാഖപട്ടണത്ത് നിർമിക്കുന്ന ഷോപ്പിങ് മാളിനായി ലുലു ഗ്രൂപ്പിന് 13.43 ഏക്കർ ഭൂമി ആന്ധ്രാ സർക്കാർ അനുവദിച്ച വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിർമാണം. 13.43 ഏക്കർ ഹാർബർ പാർക്ക് ലാൻഡ്‌സിന്‍റെ കൈവശാവകാശം തിരികെ നൽകാൻ വിശാഖപട്ടണം മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റിയോട് (വിഎംആർഡിഎ) ആന്ധ്ര സർക്കാർ നിർദേശിച്ചു.
ആന്ധ്രാ പ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷന് (എപിഐഐസി) കൈമാറാനാണ് നിർദേശം. ഈ ഭൂമി ലഭിക്കുന്നതോടെ ലുലു ഗ്രൂപ്പ് വിശാഖപട്ടണത്ത് ഷോപ്പിംഗ് മാൾ നിർമാണം തുടങ്ങും.