
ദുബായ്: കേരളത്തിന്റെ സാദ്ധ്യതകളും അവസരങ്ങളും നിക്ഷേപകർക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള മികച്ച വേദിയായി കേരള നിക്ഷേപ സംഗമം മാറുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി.
കേരളത്തെ നല്ല രീതിയില്‍ പ്രചരിപ്പിക്കാൻ കഴിയണം. ഇവിടെ കക്ഷി രാഷ്ട്രീയമില്ല. പ്രതിപക്ഷവും ഈ സമ്മേളനത്തോട് സഹകരിക്കുന്നത് നല്ല തീരുമാനമാണ്. അവർ എതിർത്താല്‍ നിക്ഷേപകർക്ക് സംശയത്തിന് ഇടനല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണം മാറുമ്ബോള്‍ തങ്ങളുടെ പദ്ധതികള്‍ ഇവർ നടപ്പാക്കില്ലെന്ന് തോന്നിപ്പോകും. എല്ലാവരും ഒരുമിച്ച് നിന്ന് കേരളത്തിന് വേണ്ടി പ്രവർത്തിക്കുമ്ബോള്‍ നിക്ഷേപർക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുമെന്നും എംഎ യൂസഫലി വ്യക്തമാക്കി.
കേരളത്തില്‍ രണ്ട് ഐടി പാർക്കുകള്‍ കൂടി ലുലു സ്ഥാപിക്കുമെന്നും യൂസഫലി അറിയിച്ചു. ഭക്ഷ്യ സംസ്‌കരണശാല നിർമ്മാണം പുരോഗമിക്കുകയാണ്. കേരളത്തില്‍ നല്ല രീതിയില്‍ ലുലു നിക്ഷേപിച്ചിട്ടുണ്ട്. ഇനിയും സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പിണറായി സർക്കാരിന്റെ നിക്ഷേപസംഗമം വൈകിവന്ന വിവേകമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കേരളത്തിലെ നിക്ഷേപ സംഗമം 2003ല്‍ എ.കെ. ആന്റണി സർക്കാരാണ് തുടക്കമിട്ടത്.
2012ല്‍ ഉമ്മൻ ചാണ്ടി സർക്കാർ നിക്ഷേപ സംഗമം സംഘടിപ്പിച്ചപ്പോള്‍ സിപിഎം അത് ബഹിഷ്‌കരിക്കുകയും ഹർത്താലാചരിക്കുകയും നിക്ഷേപകരെ ഓടിക്കുകയും ചെയ്തു.
13 വർഷത്തിനശേഷം സിപിഎം നിക്ഷേപ സംഗമം നടത്തുന്നതു കാലത്തിന്റെ മധുര പ്രതികാരമാണ്. ഈ മനംമാറ്റത്തെ സ്വാഗതം ചെയ്യുന്നതായും സുധാകരൻ പ്രസ്താവിച്ചു.
കേരളം വില്‍ക്കപ്പെടുന്നു എന്നായിരുന്നു 2012ല്‍ സിപിഎം പ്രചാരണം. നിക്ഷേപ സംഗമം നടന്ന കൊച്ചി പ്രതിഷേധക്കടലായി. വോക്സ് വാഗണ്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകർ ജീവനും കൊണ്ടോടി.
42 രാജ്യങ്ങളില്‍ നിന്നെത്തിയ 2500 പ്രതിനിധികളും കേരളത്തിന്റെ കുപ്രസിദ്ധമായ ഹർത്താലും സമരമുറകളും കണ്ടെന്നും കെ സുധാകരൻ പറഞ്ഞു.