
കൊച്ചി: ഇന്ത്യയിൽ ആഡംബര കാറുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ മുന്നേറ്റം ദ്യശ്യമാകുന്നു. ഇന്ത്യയിലെ ലക്ഷ്വറി കാറുകളുടെ വിൽപ്പന നടപ്പുവർഷം അരലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെഴ്സിഡസ്, ഓഡി, ബെൻസ്, ജാഗ്വർ, വോൾവോ തുടങ്ങിയ ബ്രാൻഡുകളുടെ വിൽപ്പനയിൽ മുൻപൊരിക്കലും കാണാത്ത ഉണർവാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ വർഷം ഈ കമ്പനികൾ ഇന്ത്യയിൽ മൊത്തം 40,000 കാറുകളാണ് വിറ്റഴിച്ചത്.
രാജ്യത്തെ സാമ്പത്തിക മേഖല പ്രതികൂല സാഹചര്യങ്ങളെയെല്ലാം മറികടന്ന് ചരിത്രം മുന്നേറ്റം നടത്തുന്നതിനാൽ അതി സമ്പന്നരുടെ എണ്ണം കുതിച്ചുയരുന്നതിന്റെ സൂചനയാണ് ആഡംബര കാറുകളുടെ വിൽപ്പനയിൽ ദൃശ്യമാകുന്നതെന്ന് വാഹന വിപണിയിലുള്ളവർ പറയുന്നു.
കയറ്റുമതി മേഖലയിലെ ഉണർവിനൊപ്പം കാർഷിക ഉത്പന്നങ്ങളുടെ വിലയിലുണ്ടായ കുതിച്ചു ചാട്ടം ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി ഗണ്യമായി ഉയർത്തുകയാണ്.
ഇതോടൊപ്പം ഓഹരി, കമ്പോള വിപണികളിൽ നിന്നും നിക്ഷേപകർക്ക് സ്വപ്‌ന സമാനമായ വരുമാനം ലഭ്യമായതും ലക്ഷ്വറി കാർ വിപണിക്ക് ആവേശം പകർന്നു. ചെറുകിട, ഇടത്തരം കമ്പനികളുടെ മുതൽ ലിസ്റ്റ് ചെയ്ത കടലാസ് കമ്പനികളുടെ വരെ ഓഹരി വില ഇത്തവണത്തെ സ്‌റ്റോക്ക് മാർക്കറ്റ് ബൂമിൽ കുതിച്ചുയർന്നതാണ് പുതിയ സമ്പന്നരുടെ വലിയ നിര സൃഷ്ടിച്ചത്.
ഇതോടൊപ്പം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉദാരമായി വായ്പകൾ വാരിക്കോരി നൽകുന്നതും ലക്ഷ്വറി കാറുകളുടെ വിൽപ്പന ഗണ്യമായി കൂടാൻ സഹായിച്ചുവെന്ന് ഡീലർമാർ പറയുന്നു.
ഇതിനിടെ ഇന്ത്യയിൽ ഉത്സവകാലത്തിന് തുടക്കമായതോടെ മികച്ച ഓഫറുകളും പുതിയ മോഡലുകളുമായി വിപണിയിൽ പുതു തരംഗം സൃഷ്ടിക്കാൻ ആഗോള ലക്ഷ്വറി കാർ കമ്പനികൾ തന്ത്രങ്ങൾ മെനയുകയാണ്.
ദീപാവലിക്ക് ചരിത്ര വിൽപ്പന നേടാൻ കഴിയും വിധം ഇന്ത്യൻ വിപണിക്കും ഉപഭോക്താക്കൾക്കും യോജിച്ച മോഡലുകളും ആനുകൂല്യങ്ങളും അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മെഴ്‌സിഡസ് ബെൻസിന്റെ മാനേജിംഗ് ഡയറക്ടർ സന്തോഷ് അയ്യർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ചരിത്രത്തിലെയും ഏറ്റവും മികച്ച വിൽപ്പനയാണ് നടപ്പു വർഷം കമ്പനിക്ക് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.