കൊച്ചി: ദീപാവലിയുടെ ഭാഗമായ ധൻതേരാസില്‍ ഇന്ത്യൻ ആഡംബര വാഹനങ്ങളുടെ വില്‍പ്പന കുതിച്ചു. ഒക്ടോബർ 29-ന് ധൻതേരസ് മുതല്‍ നവംബർ മൂന്ന് (ഭായ് ദൂജ്) വരെയുള്ള ആറു ദിവസം കൊണ്ട് ഒരു കോടി രൂപ റെയ്ഞ്ചിലുള്ള ആയിരത്തിലേറെ ആഡംബര കാറുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. അതായത്, 1,000 കോടി രൂപയ്ക്കു മുകളിലാണ് വിറ്റുവരവ്.
മെഴ്സിഡസ് ബെൻസ്, ബി.എം.ഡബ്ല്യു., ഔഡി, ജാഗ്വാർ ലാൻഡ് റോവർ (ജെ.എല്‍.ആർ.), വോള്‍വോ, പോർഷെ, ലക്സസ് എന്നീ കമ്പനികള്‍ വില്‍ക്കുന്ന കാറുകളാണ് ഒരു കോടി രൂപയ്ക്കുമേലുള്ള ശ്രേണിയിലുള്ളത്.
44.25 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള ഔഡി ക്യൂ3 മുതല്‍ 2.6 കോടിയുടെ റേഞ്ച് റോവർ പെട്രോള്‍ എല്‍.ഡബ്യു.ബി. ഓട്ടോ ബയോഗ്രഫി വരെയുള്ള മോഡലുകള്‍ ഈ ദിവസങ്ങളില്‍ വിറ്റഴിച്ചു. ഈ ശ്രേണിയില്‍ പ്രതിവർഷം 47,000 കാറുകള്‍ രാജ്യത്ത് വില്‍ക്കുന്നുണ്ട്.
ഇതിനുമുകളിലുള്ള ശ്രേണിയില്‍ 3-5 കോടി രൂപ വരുന്ന ആസ്റ്റണ്‍ മാർട്ടിൻ ഉള്‍പ്പെടുന്ന പെർഫോമൻസ് ആഡംബര വാഹനങ്ങളും നാല് കോടിയും അതിനുമുകളിലും വരുന്ന ലംബോർഗിനി, ഫെരാരി, മക്ലാരൻ എന്നിവയും ഉള്‍പ്പെടുന്നു.
അഞ്ച് കോടി രൂപയ്ക്കുമുകളില്‍ വരുന്ന ബെന്റ്ലിയും റോള്‍സ് റോയ്സും ഉള്‍പ്പെടുന്ന ഹൈ-എൻഡ് ആഡംബര വാഹനങ്ങളുമുണ്ട്.
എന്നാല്‍, ഇവയുടെയൊക്കെ ധൻതേരസ് വില്‍പ്പന എത്രയാണെന്ന് അറിവായിട്ടില്ല. മെഴ്സിഡസ് ബെൻസ് ഇന്ത്യ ധൻതേരസില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം വില്‍പ്പന വളർച്ച രേഖപ്പെടുത്തി.
ബി.എം.ഡബ്ല്യു. ഗ്രൂപ്പ് ഇന്ത്യ ഉത്സവ സീസണിനു മുന്നോടിയായി ഒൻപത് ഉത്പന്നങ്ങളാണ് പുറത്തിറക്കിയത്.