ഡൽഹി: സെബി മുൻ ചെയർമാനായ എം ദാമോദരനെ നോൺ-ഇൻഡിപെൻഡന്റ് നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കുന്നതിന്
ഇൻഡിഗോ എയർലൈനിന്റെ മാതൃ കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷന്റെ ബോർഡ് അംഗീകാരം നൽകി. ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി ദാമോദരനെ നോൺ-ഇൻഡിപെൻഡന്റ് നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കുന്നതിന് ഇന്റർഗ്ലോബ് ഏവിയേഷന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു. തന്റെ മുമ്പത്തെ പ്രവർത്തനത്തിൽ, ദാമോദരൻ 2019 ജനുവരി 24 മുതൽ 2022 മെയ് 3 വരെ ഇന്റർ ഗ്ലോബ് ഏവിയേഷനിൽ സ്വതന്ത്ര ഡയറക്ടറും ഡയറക്ടർ ബോർഡ് ചെയർമാനുമായിരുന്നു.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ദാമോദരൻ 2005 ഫെബ്രുവരി മുതൽ 2008 ഫെബ്രുവരി വരെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർമാനായിരുന്നു. കഴിഞ്ഞ മെയ് നാലിന് ഇന്റർ ഗ്ലോബ് ഏവിയേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാനായി വെങ്കിട്ടരമണി സുമന്ത്രനെ കമ്പനി നിയമിച്ചിരുന്നു.