ന്യൂഡല്‍ഹി: നഷ്ടം കുറയ്ക്കാനായെങ്കിലും റേറ്റിംഗില്‍ സൊമാറ്റോയ്ക്ക് തിരിച്ചടി. ബ്രോക്കറേജ് സ്ഥാപനമായ മക്വാറി സൊമാറ്റോ ഓഹരിയുടെ റേറ്റിംഗ് അണ്ടര്‍ പെര്‍ഫോമാക്കി.
നേരത്തെ ഇവരുടേത് ന്യൂട്രല്‍ റേറ്റിംഗായിരുന്നു. ലക്ഷ്യവില 55 രൂപയാക്കി താഴ്ത്താനും ആഗോള ബ്രോക്കറേജ് സ്ഥാപനം തയ്യാറായിട്ടുണ്ട്. വളര്‍ച്ച വേഗത കുറയുന്നതായി അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
യൂണിറ്റ് ഇക്കണോമിക്‌സ് മെച്ചപ്പെടുത്തുന്നതിലെ ശ്രദ്ധ അറ്റ നഷ്ടം കുറച്ചു. എന്നിരുന്നാലും, ഫുഡ് ഡെലിവറി ബിസിനസിന്റെ വളര്‍ച്ച കുറയുന്നു. തുടര്‍ച്ചയായ ഏഴ് പാദങ്ങളില്‍ ഉപയോക്താക്കളുടെ സ്ഥിരമായി നിലനിര്‍ത്തിയിട്ടുണ്ട്.
മുന്‍വര്‍ഷത്തെ സമാന പാദത്തെയും മുന്‍ പാദത്തേയും അപേക്ഷിച്ച് നഷ്ടം കുറയ്ക്കാന്‍ നാലാംപാദത്തില്‍ സൊമാറ്റോയ്ക്കായിരുന്നു. 188 കോടി രൂപയാണ് രേഖപ്പെടുത്തിയ നഷ്ടം.
മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 360 കോടി രൂപയും ഡിസംബര്‍ പാദത്തില്‍ 345 കോടി രൂപയുമായിരുന്നു. വരുമാനം 70 ശതമാനം ഉയര്‍ന്ന് 2056 കോടി രൂപയിലെത്തി.
അറ്റ നഷ്ടം പ്രതീക്ഷിച്ചതിലും വളരെ താഴെയാണ്.
356 കോടി രൂപയായിരുന്നു പ്രതീക്ഷിച്ചിരുന്ന നഷ്ടം. അതേസമയം വരുമാനം പ്രതീക്ഷിച്ച തോതിലെത്തിയില്ല.
2122 കോടി രൂപ വരുമാനം കണക്കുകൂട്ടിയിരുന്നു.2023 സാമ്പത്തികവര്‍ഷത്തില്‍ നഷ്ടം 971 കോടി രൂപയായി ചുരുങ്ങി. 1209 കോടി രൂപയായിരുന്നു മുന്‍ സാമ്പത്തികവര്‍ഷത്തിലേത്.
വരുമാനം 69 ശതമാനം കൂടി 7079 കോടി രൂപയുടേതായി. 0.24 ശതമാനം താഴ്ന്ന് 63.35 രൂപയിലാണ് നിലവില്‍ സൊമാറ്റോ ഓഹരിയുള്ളത്.