ന്യൂഡല്‍ഹി: ശക്തമായ പുനരുജ്ജീവനം പ്രകടമാക്കിയെങ്കിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അപകടസാധ്യതകള്‍ നേരിടേണ്ടിവരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ഷിക റിപ്പോര്‍ട്ട്. ആഗോള മാന്ദ്യം, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍,സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം എന്നിവ കാരണമാണിത്. സ്വകാര്യ നിക്ഷേപത്തിലെ കുറവ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
”” പണപ്പെരുപ്പ സമ്മര്‍ദ്ദവും ആഗോള വ്യാപാരത്തിലെ അനിശ്ചിതത്വവും ഉപഭോഗം കുറയ്ക്കുന്നു. ഇത് വളര്‍ച്ചയെ ബാധിക്കും,” റിപ്പോര്‍ട്ട് പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി 7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് കേന്ദ്രബാങ്ക് കണക്കുകൂട്ടുന്നത്.
ആഗോള വളര്‍ച്ചയ്ക്ക് കഴിഞ്ഞ 5 വര്‍ഷത്തില്‍ രാജ്യം 12 ശതമാനം സംഭാവന നല്‍കി. ആഭ്യന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ബാഹ്യ ഘടകങ്ങളില്‍ നിന്ന് വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എന്നിരുന്നാലും, ആഭ്യന്തര മാക്രോ ഇക്കണോമിക്, സാമ്പത്തിക അവസ്ഥകള്‍, മുന്‍കാല പരിഷ്‌കാരങ്ങള്‍ കാരണമുള്ള നേട്ടം, ആഗോള ഭൗമ-സാമ്പത്തിക മാറ്റങ്ങള്‍, പുതിയ വളര്‍ച്ചാ അവസരങ്ങള്‍ എന്നിവ ഇന്ത്യയെ അനുകൂല സ്ഥാനത്തെത്തിക്കുന്നു, റിപ്പോര്‍ട്ട് പറഞ്ഞു.