മുംബൈ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 11000 മെഗാവാട്ട് ഹരിത വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് മഹാരാഷ്ട്ര സർക്കാരിന്റെ ഊർജ്ജ വകുപ്പ് അദാനി ഗ്രീൻ എനർജി ഗ്രൂപ്പ് ലിമിറ്റഡുമായി (AGEL) ധാരണാപത്രം ഒപ്പുവച്ചു. ഈ പദ്ധതി 60,000 കോടി രൂപയുടെ നിക്ഷേപവും 30,000 പേർക്ക് തൊഴിലും നൽകുമെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. കരാർ പ്രകാരം, അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ അദാനി ഗ്രീൻ എനർജി പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകൾ (പിഎസ്പി) സ്ഥാപിക്കുമെന്നും ഇതിലൂടെ ഏകദേശം 11,000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്നും സംസ്ഥാന ഊർജ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മഹാരാഷ്ട്ര ഊർജ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നാരായൺ കരാഡും അദാനി ഇൻഡസ്ട്രീസ് സീനിയർ വൈസ് പ്രസിഡന്റ് അജിത് ബറോഡിയയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. അണ്ടർ സെക്രട്ടറി നാനാസാഹേബ് ധോണി, എജിഎൽ അസോസിയേറ്റ് വൈസ് പ്രസിഡന്റ് അക്ഷയ് മാത്തൂർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഊർജ മന്ത്രി ഡോ. നിതിൻ റൗട്ടിന്റെയും ഊർജ പ്രിൻസിപ്പൽ സെക്രട്ടറി ദിനേശ് വാഗ്മറെയുടെയും സാന്നിധ്യത്തിലാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡുമായി സർക്കാർ ധാരണാപത്രം ഒപ്പുവച്ചത്.