രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ പുതുതായി ആരംഭിച്ച മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എം എസ് എസ് സി) സ്കീമിന് കീഴിലുള്ള മൊത്തം നിക്ഷേപം 8600 കോടി രൂപയിൽ കവിഞ്ഞതായി ധനമന്ത്രാലയം.
മാത്രമല്ല വിവിധ സംസ്ഥാനങ്ങളിലായി 14 ലക്ഷത്തിലധികം അക്കൗണ്ടുകൾ തുറക്കുകയും ചെയ്തതായി ധനമന്ത്രാലയം ലോക്‌സഭയിൽ പങ്കുവെച്ച കണക്കുകൾ വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതൽ എം എസ് എസ് സി സ്‌കീം അക്കൗണ്ടുകൾ തുറന്നത് മഹാരാഷ്ട്രയിലാണ് (2,96,771). തൊട്ടുപിന്നാലെ തമിഴ്‌നാട് (2,55,125), ആന്ധ്രാപ്രദേശ് (1,21,734), കർണാടക (1,05,134). എന്നീ സംസ്ഥാനങ്ങളുമുണ്ട്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ സ്മരണയ്ക്കായി സർക്കാർ ആരംഭിച്ച ചെറുകിട സമ്പാദ്യ പദ്ധതിയാണ് മഹിളാസമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ സ്കീം ഇന്ത്യയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമുള്ളതാണ്.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേരിൽ 2 വർഷത്തേക്ക്, മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ പണം നിക്ഷേപിക്കാം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് വേണ്ടി രക്ഷിതാക്കളുടെ പേരിലും അക്കൗണ്ട് ഓപ്പൺ ചെയ്യാം.
പദ്ധതിയിൽ 7.5% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 2025 മാർച്ച് 31 വരെ പദ്ധതിയിൽ അംഗമാകാം. ഒരു അക്കൗണ്ട് ഉടമയ്ക്ക് രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപതുക. മഹിളാ സേവിംഗ്‌സ് സ്‌കീമിലൂടെ ലഭിക്കുന്ന പലിശ ത്രൈമാസത്തിലാണ് വരവ് വയ്ക്കുക.
ഫിക്‌സഡ് ഡിപ്പോസിറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമുകളുടെത് പോലെ എം എസ് എസ് സി യിലും നിക്ഷേപിച്ച തുകയ്ക്ക് കൂട്ടുപലിശ ലഭിക്കും.
പോസ്റ്റ് ഓഫീസുകൾ മുഖേനയും, എല്ലാ പൊതുമേഖലാ ബാങ്കുകൾ വഴിയും നാല് സ്വകാര്യമേഖലാ ബാങ്കുകൾ വഴിയും മഹിളാ സമ്മാൻ സ്കീമിൽ അക്കൗണ്ട് തുറക്കാം.
എന്നാൽ, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ഐ ഡി ബി ഐ ബാങ്ക് എന്നീ ബാങ്കുകൾ ഇതുവരെ മഹിളാ സമ്മാന് സേവിംഗ്‌സ് സർട്ടിഫിക്കറ്റ് സ്കീം ആരംഭിച്ചിട്ടില്ല.