മുംബയ്: കോട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനും പ്രൊമോട്ടറുമായ ഉദയ് കോട്ടക് സി.ഇ.ഒ, മാനേജിംഗ് ഡയറക്ടർ സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചു. ഇന്നലെ നടന്ന ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ കമ്പനി ഇക്കാര്യം അറിയിച്ചത്.
ഇതിനു പിന്നാലെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി ഉദയ് കോട്ടകും രാജികാര്യം വെളിപ്പെടുത്തി. ഈവർഷം ഡിസംബർ 31ന് വിരമിക്കാനിരിക്കേയാണ് അദ്ദേഹം നേരത്തെ രാജിവച്ചത്. 38 വർഷമായി ബാങ്കിന്റെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച ഉദയ് കൊട്ടക് ബാങ്കിന്റെ നോൺ എക്‌സിക്യൂട്ടിവ് ഡയറക്ടറായി തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഡിസംബർ 31 വരെ ബാങ്കിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായ ദീപക് ഗുപ്ത താത്കാലിക ചുമതല വഹിക്കും.
ബാങ്കിന്റെ പിന്തുടർച്ച പദ്ധതി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജിവച്ചതെന്ന് ഉദയ് കോട്ടക് അറിയിച്ചു. ബാങ്ക് സി.ഇ.ഒമാരുടെ കാലാവധി യഥാക്രമം 15 വർഷവും പ്രമോട്ടർ സി.ഇ.ഒമാരുടെ കാലാവധി 12 വർഷവുമായിരിക്കണം എന്ന് ആർ.ബി.ഐ അടുത്തിടെ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജിപ്രഖ്യാപനം.
‘വർഷാവസാനത്തോടെ, ചെയർമാനും, ഞാനും, ജോയിന്റ് എംഡിയും പടിയിറങ്ങേണ്ടതുണ്ട്. അതുകൊണ്ട് സുഗമമായ അധികാരമാറ്റത്തിന് വഴിയൊരുക്കാനാണ് സ്വമേധയാ രാജിവയ്ക്കുന്നത്’- ഉദയ് കോട്ടക് പറഞ്ഞു.
38 വർഷങ്ങൾക്ക് മുൻപ് മുംബയിലെ 300 സ്‌ക്വയർ ഫീറ്റ് കെട്ടിടത്തിൽ മൂന്ന് ജീവനക്കാരുമായി ആരംഭിച്ച ബാങ്കാണിതെന്നും ഇപ്പോൾ ഒരു ലക്ഷം പേർക്ക് ജോലി നൽകുകയും 300 കോടി രൂപയുടെ ആസ്തിയുള്ളതുമായ സ്ഥാപനമായെന്നും ഉദയ് എക്‌സിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി.
മുംബയിലെ സിഡെൻഹാം കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയ ഉദയ് കോട്ടക് മാനേജ്മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 2003-ൽ ഇത് വാണിജ്യ വായ്പ നൽകുന്ന സ്ഥാപനമായി മാറി.
സ്റ്റോക്ക് ബ്രോക്കിംഗ്, ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ്, കാർ ഫിനാൻസ്, ലൈഫ് ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകൾ എന്നിവയുൾപ്പെടെ വിവിധ ധനകാര്യ സേവന മേഖലകളിൽ കോട്ടക് മഹീന്ദ്ര ഗ്രൂപ്പ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
1999 ജനുവരി മുതൽ ബാങ്കിന്റെ ഡയറക്ടറായിരുന്ന ദീപക് ഗുപ്ത, 2012 ജനുവരി ഒന്നിന് ജോയിന്റ് മാനേജിംഗ് ഡയറക്ടറായി നിയമിതനായത്. കോട്ടക് മഹീന്ദ്ര ഗ്രൂപ്പിന്റെ വളർച്ചയ്ക്കും വികസനത്തിനും നിർണായക സംഭാവനകൾ നൽകിയിട്ടുള്ള ദീപക് ഗുപ്തയ്ക്ക് ധനകാര്യ സേവന മേഖലയിൽ മൂന്ന് പതിറ്റാണ്ടിലധികം പരിചയ സമ്പത്തുണ്ട്.
ഐടി, സൈബർ സുരക്ഷ, ഡിജിറ്റൽ സംരംഭങ്ങൾ, ഇന്റേണൽ ഓഡിറ്റ്, ഹ്യൂമൻ റിസോഴ്സ്, മാർക്കറ്റിംഗ്, കംപ്ലയൻസ്, അഡ്മിനിസ്‌ട്രേഷൻ, ഇൻഫ്രാസ്ട്രക്ചർ, ഓപ്പറേഷൻസ് എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള വിവിധ നിർണായക പ്രവർത്തനങ്ങൾ അദ്ദേഹം മേൽനോട്ടം വഹിച്ചിട്ടുണ്ട്.