
ന്യൂഡല്‍ഹി: വായ്പാ തിരിച്ചുപിടുത്തം മൂന്നാം കക്ഷിയെ ഏല്‍പിക്കാന്‍ പാടില്ലെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് ഓഹരി വെള്ളിയാഴ്ച കൂപ്പുകുത്തി. 13.50 ശതമാനം താഴ്ന്ന് 193.50 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ട്രാക്റ്റര്‍ റിക്കവറിയ്ക്കിടെ ഗര്‍ഭിണി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നായിരുന്നു ആര്‍ബിഐ നടപടി.
ജാര്‍ഖണ്ഢിലാണ് ട്രാക്റ്ററിനടയില്‍പെട്ട് യുവതി മരിച്ചത്. അതേസമയം ജീവനക്കാര്‍ക്ക് വായ്പ തിരിച്ചുപിടിത്തം തുടരാമെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. നടപടി പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് കമ്പനി എക്‌സ് ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.
മാസം തോറും 4000 മുതല്‍ 5000 വാഹനങ്ങളാണ് തിരിച്ചുപിടിക്കുന്നതെന്നും അത് 3000-4000 ത്തിനുമിടയിലുള്ള വാഹനങ്ങളായി മാറുമെന്നും അവര്‍ പറയുന്നു. അത്രയും കുറവ് കമ്പനിയുടെ സാമ്പത്തികസ്ഥിതിയില്‍ മാറ്റം വരുത്തില്ല. 225 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓവര്‍വെയ്റ്റ് റേറ്റിംഗാണ് മോര്‍ഗന്‍സ്റ്റാന്‍ലി എം ആന്റ് എം ഫിനാന്‍ഷ്യല്‌സിന് നല്‍കിയിട്ടുള്ളത്.
ഏജന്റ്മാരെ പുനസ്ഥാപിക്കുന്നതുവരെ ബദല്‍ സംവിധാനങ്ങളേര്‍പ്പെടുത്താന്‍ കമ്പനിയ്ക്ക് സാധിക്കുമെന്ന് ബ്രോക്കറേജ് പറഞ്ഞു. ഒരു നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ്.