മുംബൈ: 2022 സെപ്റ്റംബറിൽ ഏകദേശം 4,080 കോടി രൂപയുടെ വിതരണം നടത്തിയതായി അറിയിച്ച് മഹിന്ദ്ര ഗ്രൂപ്പിന്റെ എൻബിഎഫ്സി വിഭാഗമായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ്. ചൊവ്വാഴ്ച കമ്പനിയുടെ ഓഹരികൾ 8.86 ശതമാനം ഉയർന്ന് 195.45 രൂപയിലെത്തി.
മാക്രോ സാഹചര്യങ്ങളാണ് വിതരണത്തിലെ വളർച്ചയെ സഹായിച്ചതെന്ന് കമ്പനി അറിയിച്ചു. 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഏകദേശം 21,300 കോടി രൂപയുടെ വിതരണമാണ് കമ്പനി രേഖപ്പെടുത്തിയത്.
ആദ്യ പകുതിയിലെ ആരോഗ്യകരമായ വിതരണ പ്രവണതകൾ ഏകദേശം 73,900 കോടി രൂപയുടെ മൊത്ത ആസ്തി ബുക്കിലേക്ക് നയിച്ചതായും. ഇത് പ്രതിമാസം ഏകദേശം 3% (MoM) വളരുന്നതായും എൻബിഎഫ്സി പറഞ്ഞു. 2022 സെപ്റ്റംബറിലെ സ്ഥാപനത്തിന്റെ ശേഖരണ കാര്യക്ഷമത (CE) 98% ആയിരുന്നു.
ഒരു ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് (എംഎംഎഫ്എസ്എൽ). കഴിഞ്ഞ പാദത്തിൽ എൻബിഎഫ്‌സി 239.86 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്‌തു.