
മുംബൈ: ഇന്ത്യാ പോസ്റ്റുമായി കൈകോർത്തതായി പ്രഖ്യാപിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് (എംഎംഎഫ്എസ്എൽ). ഈ സഹകരണ പ്രഖ്യാപനത്തിന് പിന്നാലെ മഹീന്ദ്ര ഫിനാൻസ് ഓഹരി 1.68 ശതമാനം ഉയർന്ന് 215 രൂപയിലെത്തി.
ഈ സഖ്യത്തിന്റെ ഭാഗമായി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (IPPB) യാത്രാ വാഹനങ്ങൾ, ത്രീ-വീലർ, ട്രാക്ടർ, വാണിജ്യ വാഹന വായ്പ വിഭാഗങ്ങൾക്കായി മഹീന്ദ്ര ഫിനാൻസിന് ലീഡ് റഫറൽ സേവനങ്ങൾ നൽകുകയും പോസ്റ്റ് ഓഫീസുകളിൽ നിലവിലുള്ള എംഎംഎഫ്എസ്എൽ ഉപഭോക്താക്കൾക്ക് ക്യാഷ് ഇഎംഐ ഡെപ്പോസിറ്റ് സൗകര്യം നൽകുകയും ചെയ്യും.
ഈ സഹകരണം ആദ്യം മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ഐപിപിബി ശാഖകളിൽ മാത്രമായിരിക്കും ലഭ്യമാകുക. അടുത്ത 4-6 മാസത്തിനുള്ളിൽ ഇത് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഈ സഖ്യത്തിലൂടെ അതിന്റെ സാമ്പത്തിക ഉൽപ്പന്ന പോർട്ട്‌ഫോളിയോ വിപുലീകരിക്കാൻ ഐപിപിബിക്ക് കഴിയും.
ക്യാഷ് മാനേജ്‌മെന്റ് സേവനങ്ങൾ ആരംഭിക്കുന്നതോടെ, മഹീന്ദ്ര ഫിനാൻസ് ഉപഭോക്താക്കൾക്ക് പോസ്റ്റ് ഓഫീസിലൂടെ ഇഎംഐ അടയ്ക്കാനാകുമെന്ന് എംഎംഎഫ്എസ്എൽ അറിയിച്ചു. ഇന്ത്യാ ഗവൺമെന്റിന്റെ കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ തപാൽ വകുപ്പിന് കീഴിലാണ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് പ്രവർത്തിക്കുന്നത്.
അതേസമയം മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഫിനാൻസ്, ഇന്ത്യയിലെ പ്രമുഖ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനികളിലൊന്നാണ്. ഗ്രാമീണ, അർദ്ധ നഗര മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിക്ക് 8.1 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.