മുംബൈ: യുഎസ് കാർ നിർമ്മാതാക്കളായ ജനറൽ മോട്ടോഴ്‌സിന്റെ മഹാരാഷ്ട്രയിലെ തലേഗാവിൽ സ്ഥിതിചെയ്യുന്ന ഫാക്ടറി ഏറ്റെടുക്കാനുള്ള സാധ്യതകൾ ആരാഞ്ഞ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കമ്പനിയുടെ എതിരാളിയായ ടാറ്റ മോട്ടോഴ്‌സ് ഗുജറാത്തിലെ ഫോർഡിന്റെ പ്ലാന്റ് ഏറ്റെടുക്കാൻ കരാറിൽ ഏർപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവ വികാസങ്ങൾ എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ഏതാനും ആഴ്‌ചകളിൽ മഹീന്ദ്രയുടെ ഉന്നത ഔദ്യോഗസ്ഥർ തലേഗാവ് പ്ലാന്റ് നിരവധി തവണ സന്ദർശിച്ചതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഈ പ്ലാന്റ് ഏറ്റെടുക്കാനായി ചൈനീസ് വാഹന നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോഴ്‌സ് ജിഎമ്മുമായി ചർച്ചകൾ നടത്തിയിരുന്നു, എന്നാൽ ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞു.
നിലവിൽ മഹീന്ദ്രയെ കൂടാതെ, ബ്രിട്ടീഷ് ബ്രാൻഡായ എംജി മോട്ടോറും ഈ ഫാക്ടറിക്കായി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ മഹീന്ദ്ര തയ്യാറായില്ല.
മഹീന്ദ്രയും ജിഎമ്മും തമ്മിലുള്ള ചർച്ചകൾ ഒരു കരാറിലേക്ക് എത്തിയാൽ, ഒരു ആഭ്യന്തര കമ്പനി യുഎസ് വാഹന നിർമ്മാതാവിനെ ഇന്ത്യയിലെ നിക്ഷേപത്തിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുന്ന രണ്ടാമത്തെ സംഭവമായിരിക്കും അത്. ജിഎമ്മും ഫോർഡും നേരത്തെ തന്നെ ഇന്ത്യൻ വിപണിയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു.
ഈ മാസം ആദ്യം, ടാറ്റ മോട്ടോഴ്‌സ് 100 മില്യൺ ഡോളറിന്റെ ഇടപാടിലൂടെ ഫോർഡ് പ്ലാന്റ് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതേസമയം ജനറൽ മോട്ടോർസ് അതിന്റെ സൗകര്യം 60-75 മില്യൺ ഡോളറിന് വിൽക്കാനാണ് സാധ്യത.