മുംബൈ: പൂനെ ആസ്ഥാനമായുള്ള അഗ്രി സ്റ്റാർട്ടപ്പായ മെരാകിസന്റെ മുഴുവൻ ഓഹരികളും വിറ്റഴിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ (എം ആൻഡ് എം) ഉപകമ്പനിയായ മഹീന്ദ്ര അഗ്രി സൊല്യൂഷൻസ്. കർഷകരിൽ നിന്ന് നേരിട്ട് ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും വിതരണം ചെയ്യുന്ന സ്റ്റാർട്ടപ്പാണ് 2016-ൽ ആരംഭിച്ച മെരാകിസാൻ.
മഹീന്ദ്ര അഗ്രി സൊല്യൂഷൻസ് (എംഎഎസ്‌എൽ) മെരാകിസന്റെ (എംകെപിഎൽ) 91.59 ശതമാനം ഓഹരികൾ വിറ്റഴിച്ചതായി എം ആൻഡ് എം സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. മഹീന്ദ്ര ഗ്രൂപ്പ് കമ്പനി തുടക്കത്തിൽ 33 ശതമാനം ഓഹരിക്കായി അഗ്രി സ്റ്റാർട്ടപ്പിൽ വെളിപ്പെടുത്താത്ത തുക നിക്ഷേപിച്ചിരുന്നു. തുടർന്നുള്ള കാലയളവിൽ കമ്പനി സ്റ്റാർട്ടപ്പിലെ അതിന്റെ ഓഹരി പങ്കാളിത്തം വർദ്ധിപ്പിച്ചു.
കഴിഞ്ഞ കുറേ വർഷങ്ങളായി എം ആൻഡ് എം നിരവധി സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നുണ്ട്. അതേസമയം പൂനെ, മുംബൈ, ഹൈദരാബാദ്, ചണ്ഡീഗഢ് എന്നിവയുൾപ്പെടെ 14 നഗരങ്ങളിൽ അരി, പയർ, ഗോതമ്പ്, പയർ തുടങ്ങിയ ജൈവ പലചരക്ക് സാധനങ്ങളുടെ വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് എംകെപിഎൽ. എംകെപിഎല്ലിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 4.18 കോടി രൂപയായിരുന്നു.