മുംബൈ: ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയിൽ 87 ശതമാനം വർധന രേഖപ്പെടുത്തി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഓഗസ്റ്റിൽ 29,852 പാസഞ്ചർ വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 15,973 യൂണിറ്റുകൾ വിറ്റഴിച്ചതായി എം ആൻഡ് എം റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
പ്രസ്തുത മാസത്തിലെ കാറുകളുടെയും വാനുകളുടെയും വിൽപ്പന മുൻ വർഷം ഇതേ മാസത്തിലെ 187 യൂണിറ്റിൽ നിന്ന് 336 യൂണിറ്റായി വർധിച്ചു. വാണിജ്യ വാഹനങ്ങളുടെ കാര്യമെടുത്താൽ 2022 ഓഗസ്റ്റിൽ 21,492 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 2021 ഓഗസ്റ്റിൽ ഇത് 8,814 യൂണിറ്റായിരുന്നു.
കമ്പനിയുടെ പോർട്ട്‌ഫോളിയോയിലുടനീളമുള്ള ഡിമാൻഡ് ശക്തമായി തുടരുകയാണെന്നും പുതിയ ലോഞ്ചുകൾ വളർച്ചയ്ക്ക് സഹായകമായെന്നും എം ആൻഡ് എം ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു. ട്രാക്ടർ വിഭാഗത്തിൽ 2021 ഓഗസ്റ്റിലെ 21,360 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ മാസം 21,520 യൂണിറ്റുകളുടെ വിൽപ്പനയാണ് കമ്പനി നടത്തിയത്.