ന്യൂഡൽഹി: തങ്ങളുടെ മൊത്ത വിൽപന വർഷം തോറും 17 ശതമാനം വർധിച്ചതായി ഇന്ത്യയിലെ വാഹന നിർമാതാക്കളിൽ പ്രശസ്‌തരായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്. മെയ് മാസത്തിൽ മഹീന്ദ്രയുടെ മൊത്ത വിൽപന 71,682 യൂണിറ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 മെയ് മാസത്തിൽ കമ്പനി മൊത്തം ഡീലർമാർക്ക് അയച്ച ഉത്‌പന്നങ്ങൾ 61,415 യൂണിറ്റായിരുന്നു.
2023 മെയ് മാസത്തിൽ 32,886 യൂണിറ്റുകൾ വിറ്റ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖ കമ്പനിയുടെ ആഭ്യന്തര വിപണിയിലെ പാസഞ്ചർ വാഹന വിൽപന കഴിഞ്ഞ മാസത്തിൽ 31 ശതമാനം ഉയർന്ന് 43,218 യൂണിറ്റിലെത്തി. മഹീന്ദ്രയുടെ കയറ്റുമതിയിൽ വർഷം തോറും 2 ശതമാനം വർധനവുള്ളതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023 മെയിൽ 2,616 യൂണിറ്റുകളായിരുന്നു കയറ്റുമതി ചെയ്‌തത്. അതേസമയം കഴിഞ്ഞ മാസത്തിൽ 2,671 യൂണിറ്റുകൾ കയറ്റുമതി ചെയ്‌തതായി കമ്പനി പറഞ്ഞു.
മഹീന്ദ്രയുടെ കാർഷിക ഉപകരണങ്ങളുടെ വിൽപനയിൽ 9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രാക്‌ടർ വിൽപന 34,126 യൂണിറ്റിൽ നിന്നും 37,109 യൂണിറ്റിലേക്ക് ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കൃത്യസമയത്ത് എത്തിയത് മഹീന്ദ്രയുടെ കാർഷിക ഉപകരണങ്ങളുടെ വിൽപനയ്‌ക്ക് ഗുണം ചെയ്‌തതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫാം എക്യുപ്‌മെൻ്റ് സെക്‌ടർ പ്രസിഡൻ്റ് ഹേമന്ത് സിക്ക പറഞ്ഞു.
കാർഷിക മേഖലയിൽ നിലമൊരുക്കൽ പ്രവർത്തനങ്ങൾ നടക്കാനിടയുള്ളതിനാൽ വരും മാസങ്ങളിൽ ട്രാക്‌ചറിന് ഡിമാൻഡ് വർധിക്കാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.