
ന്യൂഡല്‍ഹി: ആദ്യദിനത്തിലെ 8472 കോടിയുടെ ബുക്കിങ്ങോടെ റെക്കോഡ് നേട്ടം സ്വന്തമാക്കി മഹീന്ദ്രയുടെ എക്സ്.ഇ.വി. 9ഇ., ബി.ഇ. 6 ഇലക്‌ട്രിക് എസ്.യു.വികള്‍. എക്സ് ഷോറൂം വിലയിലാണ് 30,179 വണ്ടികള്‍ വെള്ളിയാഴ്ചമാത്രം രജിസ്റ്റർചെയ്തത്. 2024-ല്‍ ഇന്ത്യയിലെ മൊത്തം ഇലക്‌ട്രിക് പാസഞ്ചർ വാഹനവില്‍പ്പന ഏകദേശം ഒരുലക്ഷമായിരുന്നു എന്നതാണ് നേട്ടത്തെ ശ്രദ്ധേയമാക്കുന്നത്.
എക്സ്.ഇ.വി. ഇ. ആണ് മൊത്തം ബുക്കിങ്ങിലെ 56 ശതമാനം. വെള്ളിയാഴ്ചയാണ് മഹീന്ദ്ര ഈ രണ്ട് മോഡലുകളുടെയും ബുക്കിങ് ആരംഭിച്ചത്. കമ്ബനിയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് നേട്ടം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചത്.
ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി മഹീന്ദ്ര വികസിപ്പിച്ച ഇൻഗ്ലോ ഇലക്‌ട്രിക് പ്ലാറ്റ്ഫോമില്‍ ആദ്യമായി ഒരുങ്ങിയിട്ടുള്ള വാഹനങ്ങളാണ് ബി.ഇ.6ഇ, എക്.ഇ.വി.9ഇയും. 59 കിലോവാട്ട്, 79 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷുകളാണ് ഈ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളത്.
ഇതിലെ ഇലക്‌ട്രിക് മോട്ടോർ 280 പി.എസ്. പവറും 380 എൻ.എം. ടോർക്കുമേകും. ഈ വാഹനത്തിന്റെ ബാറ്ററി 80 ശതമാനം ചാർജ് ചെയ്യാൻ വെറും 20 മിനിറ്റ് മതിയെന്നതാണ് മറ്റൊരു സവിശേഷത.
ഇന്ത്യയിലെ മറ്റ് ഇലക്‌ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് റേഞ്ചില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന വാഹനങ്ങളാണ് മഹീന്ദ്ര പുറത്തിറക്കിയിരിക്കുന്നത്.
59 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള എക്സ്.ഇ.വി. 9ഇ ഒറ്റത്തവണ ചാർജില്‍ 542 കിലോമീറ്ററും 79 കിലോവാട്ട് ബാറ്ററി പാക്ക് മോഡല്‍ 656 കിലോമീറ്റർ റേഞ്ചും നല്‍കുമെന്നാണ് നിർമാതാക്കള്‍ അവകാശപ്പെടുന്നത്.
ബി.ഇ.6 മോഡല്‍ 556 കിലോമീറ്ററും 682 കിലോമീറ്റർ റേഞ്ചുമാണ് നല്‍കുന്നത്.