നൂറുകണക്കിന് വർഷത്തെ ബ്രിട്ടീഷ് ഭരണത്തിന് ശേഷമാണ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ചിറക് വിരിയിച്ചത്. സ്വാതന്ത്ര്യാനന്തരം, രാഷ്ട്രം വിവിധ മേഖലകളിൽ വലിയ മുന്നേറ്റം തന്നെ നടത്തുകയും ഒരു സാധാരണ ഇന്ത്യക്കാരന്റെ ജീവിതം എളുപ്പമാക്കാനുള്ള തരത്തിലേക്ക് രാഷ്ട്രത്തെ വളർത്തുകയും ചെയ്തു.
തദ്ദേശീയ സാങ്കേതികവിദ്യകളിലൂടെ സാധ്യമായ നേട്ടങ്ങൾ ഇന്ത്യയെ ആഗോളതലത്തിൽ തന്നെ ചെറുശക്തിയാക്കി വളർത്തി. 1947 ആഗസ്റ്റ് 15 മുതലുള്ള ഇന്ത്യയുടെ യാത്ര ശാസ്ത്ര സാങ്കേതിക വിദ്യകളിൽ മാത്രമല്ല ഒതുങ്ങി നിന്നത്. അത് വിദ്യാഭ്യാസമേഖലയിലേക്കും ഭക്ഷ്യ ഉൽപ്പാദന പര്യാപ്തതയിലേക്കും ഉള്ള വളർച്ചയായിരുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള അഞ്ച് പ്രധാന നേട്ടങ്ങൾ നോക്കാം:-
ഹരിത വിപ്ലവവും സാങ്കേതിക വിദ്യയും
ഹരിതവിപ്ലവം ഇന്ത്യയെ ഭക്ഷ്യധാന്യ ഉത്പാദനത്തിൽ സ്വയംപര്യാപ്തമാക്കി. രാസവളങ്ങളുടെയും മറ്റ് രാസവസ്തുക്കളുടെയും വിപുലമായ ഉപയോഗത്തോടൊപ്പം മെച്ചപ്പെട്ട ഇനം വിത്തുകളും ഹരിത വിപ്ലവത്തിലൂടെ കൊണ്ടുവന്നു.
ധവളവിപ്ലവം അല്ലെങ്കിൽ ഓപ്പറേഷൻ ഫ്ലഡ്
1970 ജനുവരി 13ന് ആരംഭിച്ച ഓപ്പറേഷൻ ഫ്ലഡ് ലോകത്തിലെ ഏറ്റവും വലിയ ക്ഷീരവികസന പരിപാടിയായിരുന്നു. നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് ഓഫ് ഇന്ത്യയുടെ നാഴികക്കല്ലായ പദ്ധതിയായിരുന്നു ഇത്. ഇന്ത്യ സ്വയം പര്യാപ്തമായ പാൽ ഉൽപാദന കേന്ദ്രമായി മാറിയതിൽ ധവളവിപ്ലവത്തിന്റെ പങ്ക് വലുതാണ്. ധവളവിപ്ലവം ഏറ്റവും വലിയ ഗ്രാമീണ വികസന പരിപാടികളിൽ ഒന്നായിരുന്നു.
ആണവ പരിപാടി
1974 മെയ് 18 ന് രാജസ്ഥാനിലെ പൊഖ്‌റാനിലാണ് ഇന്ത്യ ആദ്യത്തെ അണുബോംബ് വിജയകരമായി പരീക്ഷിച്ചത്. ഓപ്പറേഷൻ “സ്‌മൈലിംഗ് ബുദ്ധ” എന്ന രഹസ്യ നാമമുള്ള ഈ പരീക്ഷണത്തോടെ ഇന്ത്യ യു.എസ്, സോവിയറ്റ് യൂണിയൻ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നിവയുൾപ്പെടെ ഐക്യരാഷ്ട്രസഭയിലെ അഞ്ച് സ്ഥിരാംഗങ്ങൾക്ക് പുറത്ത് ലോകത്തെ ആറാമത്തെ ആണവശക്തിയായി മാറി.
തുടർന്ന് 1998 മെയ് 11, 13 തീയതികളിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (ഡിആർഡിഒ) ആണവോർജ്ജ കമ്മീഷനും (എഇസി) ചേർന്ന് രാജസ്ഥാനിൽ “പൊഖ്‌റാൻ-II” എന്ന് പേരിട്ടിരിക്കുന്ന അഞ്ച് ആണവ പരീക്ഷണങ്ങൾ കൂടി നടത്തി.
ആയുർദൈർഘ്യ വർദ്ധനവ്
ശരാശരി ഇന്ത്യക്കാരുടെ ആയുർദൈർഘ്യം മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചു. 1947-ൽ ഇന്ത്യക്കാരുടെ ശരാശരി ആയുർദൈർഘ്യം ഏകദേശം 32 വർഷമായിരുന്നു. 2022ൽ അത് 70 വർഷത്തിലേറെയായി. ലോകാരോഗ്യ സംഘടനയായ ഡബ്ല്യുഎച്ച്ഒ പറയുന്നത് ജനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ഇന്ത്യ വളരെയധികം മെച്ചപ്പെട്ടു എന്നാണ്.
ഐഎസ്ആർഒ രൂപീകരണവും ഉപഗ്രഹ വിക്ഷേപണവും
1969 ലാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) രൂപീകരിച്ചത്. ഒരു രാഷ്ട്രത്തിന്റെ വികസനത്തിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെ പങ്കും പ്രാധാന്യവും തിരിച്ചറിഞ്ഞ വിക്രം സാരാഭായ്, വികസനത്തിന്റെ ഒരു ഏജന്റായി പ്രവർത്തിക്കാൻ ആവശ്യമായ ദിശാബോധം ഐഎസ്ആർഒയ്ക്ക് നൽകി.
കൂടാതെ 1975-ൽ ഇന്ത്യ സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ആര്യഭട്ട എന്ന തദ്ദേശീയ ഉപഗ്രഹം വിക്ഷേപിച്ചു. ഉപഗ്രഹം പൂർണ്ണമായും രൂപകല്പന ചെയ്ത് നിർമ്മിച്ചത് ഇന്ത്യയിലാണ്.