ജൂൺ മുതൽ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ചില പ്രധാന മാറ്റങ്ങളുമുണ്ട്. പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമം പ്രാബല്യത്തിൽ വരുന്നതാണ് ഏറ്റവും പ്രധാന മാറ്റം. ആധാറും പാൻ കാർഡും ബന്ധിപ്പിക്കാത്തവർ ഇനി ഇരട്ടി ടിഡിഎസ് നൽകേണ്ടി വരും.
ശമ്പള വരുമാനം, സ്ഥിരനിക്ഷേപം തുടങ്ങി ടിഡിഎസ് ഈടാക്കുന്ന വരുമാന ശ്രോതസുകളിൽ ഇനി ഇരട്ടി നികുതി ഈടാക്കും എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. മെയ് 31ന് തന്നെ ലിങ്കിങ് പൂർത്തിയാക്കണമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
നികുതി വർധന സൂചിപ്പിക്കുന്ന എക്സ് പോസ്റ്റ് ആദായ നികുതി വകുപ്പ് തന്നെയാണ് പങ്കുവെച്ചതും. ആദായനികുതി വകുപ്പിൻെറ വെബ്സൈറ്റിലൂടെ തന്നെ ഓൺലൈനായി ഇത് ചെയ്യാനാകും. ആധാർ-പാൻകാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്നും ഓൺലൈനിലൂടെ തന്നെ പരിശോധിക്കാം.
പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമം; ഒട്ടേറെ മാറങ്ങൾ
സ്വകാര്യ സ്കൂളുകളിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ പ്രോത്സാഹിപ്പിക്കുന്ന നിയമഭേദഗതിയാണ് ഇതിൽ ഏറ്റവും പ്രധാനം. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലെ നിർബന്ധിത ഡ്രൈവിംഗ് ടെസ്റ്റ് ഒഴിവാക്കിയിരിക്കുന്നു എന്നത് പ്രധാന നേട്ടമാണ്.
അപേക്ഷകർക്ക് അംഗീകൃത സ്വകാര്യ ഡ്രൈവിംഗ് സ്കൂളുകളിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള ഓപ്ഷൻ ഇപ്പോൾ ലഭ്യമാണ്.
അംഗീകൃത സ്ഥാപനങ്ങളിൽ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയാൽ, ആർടിഒയുടെ കൂ ടുതൽ പരിശോധന ആവശ്യമില്ലാതെ തന്നെ ലൈസൻസിനായി അപേക്ഷിക്കാൻ ആകുന്ന രീതി ഒട്ടേറെ ആശയക്കുഴപ്പങ്ങൾക്കും വഴി വെച്ചിട്ടുണ്ട്.
തിരഞ്ഞെടുത്ത സ്വകാര്യ ഡ്രൈവിംഗ് സ്കൂളുകൾക്ക് ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്താൻ സർക്കാർ അനുമതി നൽകി സർട്ടിഫിക്കറ്റുകൾ നൽകുന്നത് വളരെ പ്രധാനമായ മാറ്റമാണ്.
എന്നാൽ സർക്കാർ മാനദണ്ഡമനുസരിച്ചുള്ള അംഗീകൃത ഡ്രൈവിംഗ് സ്കൂളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ ഇപ്പോഴും ആർടിഒയുടെ മുമ്പാകെ ടെസ്റ്റ് പാസാകേണ്ടതുണ്ട്.
അമിത വേഗതയ്ക്കുള്ള പിഴ 1000 രൂപ മുതൽ 2000 രൂപ വരെയാണ്.
പ്രായപൂർത്തിയാകാത്ത ഒരാൾ വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടാൽ, 25,000 രൂപ ഇനി പിഴ ഈടാക്കും. വാഹന ഉടമയുടെ രജിസ്ട്രേഷൻ കാർഡ് റദ്ദാക്കും. പ്രായപൂർത്തിയാകാത്തയാൾക്ക് 25 വയസ്സ് വരെ ലൈസൻസിന് അർഹതയുണ്ടായിരിക്കില്ല.
ആധാർ കാർഡ് അപ്ഡേറ്റ് ചെയ്തോ?
പഴയ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ജൂൺ 14 വരെ ഓൺലൈനിലൂടെ ഇത് സൗജന്യമായി ചെയ്യാം.
ഉപയോക്താക്കൾ അക്ഷയ കേന്ദ്രങ്ങളിലോ മറ്റോ നേരിട്ടെത്തി ചെയ്യുന്നതിന് ഇപ്പോൾ 50 രൂപ ഫീസ് ഈടാക്കുന്നുണ്ട്.