ന്യൂഡല്‍ഹി: രാജ്യത്തെ ഭൂരിഭാഗം കുടുംബങ്ങളും വിലകയറ്റതിന്റെ രൂക്ഷത അനുഭവിക്കുകയാണെന്ന് റിപ്പോര്‍ട്ട്. സാമൂഹ്യ സ്ഥാപനമായ ലോക്കല്‍ സര്‍ക്കിള്‍സ് 323 ജില്ലകളിലെ 23,500 പേരെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തലുള്ളത്. 10ല്‍ ഏഴ് കുടുംബങ്ങളുടേയും മാസ ചെലവ് കഴിഞ്ഞമൂന്നുമാസമായി 10 ശതമാനം വര്‍ധിച്ചു.
ശരാശരി വര്‍ധനവ് 15 ശതമാനമാണ്. മാത്രമല്ല ഉയര്‍ന്ന എണ്ണവില കാരണം മാസ ചെലവ് അടുത്തമൂന്ന് മാസങ്ങളില്‍ ഇനിയും വര്‍ധിക്കുമെന്ന് 55 ശതമാനം കുടുംബങ്ങളും കണക്കുകൂട്ടുന്നു. 10 ശതമാനം അധി വര്‍ധവാണ് അവര്‍ പ്രതീക്ഷിക്കുന്നത്, റിപ്പോര്‍ട്ട് പറഞ്ഞു.
‘വളഷളാകുന്ന ഭൗമരാഷ്ട്രീയ അന്തരീക്ഷം, വിതരണ പ്രശ്‌നങ്ങള്‍, കോവിഡ് 19 മഹാമാരി, സമ്പദ് വ്യവസ്ഥയുടെ ശക്തിക്കുറവ് എന്നിവ കാരണം അടുത്തമൂന്നുമാസങ്ങളില്‍ ചെലവ് ഇനിയും 10 ശതമാനം വര്‍ധിക്കുമെന്ന് 55 ശതമാനം ഇന്ത്യന്‍ കുടുംബങ്ങള്‍ വിശ്വസിക്കുന്നു,’ പഠനം പറയുന്നു. പെട്രോള്‍ വിലയുടെ 10 ശതമാനവും നികുതി ഇളവുകളും ജനങ്ങള്ക്ക് നല്‍കുക എന്നതാണ് എണ്ണവില വര്‍ധനവിന്റെ ആഘാതം കുറയ്ക്കാനുള്ള പോംവഴിയെന്നും പഠനം പറയുന്നു. ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക ഏപ്രിലില്‍ 8 വര്‍ഷത്തെ ഉയരമായ 7.79 ശതമാനമായി മാറിയിരുന്നു.