ന്യൂയോര്‍ക്ക്: യൂണികോണുകള്‍ സ്ഥാപിക്കുന്ന യു.എസ് കുടിയേറ്റക്കാരില്‍ ഇന്ത്യക്കാര്‍ മുന്നില്‍. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി (എന്‍എഫ്എപി) സര്‍വേ പ്രകാരം 66 യൂണികോണുകളാണ് ഇന്ത്യന്‍ വംശജര്‍ യു.എസില്‍ സ്ഥാപിച്ചത്. 54 എണ്ണം സ്ഥാപിച്ച ഇസ്രായേല്‍ സംരഭകര്‍ രണ്ടാം സ്ഥാനത്തെത്തി.
യുകെ (27), കാനഡ (22), ചൈന (21), ഫ്രാന്‍സ് (18), ജര്‍മ്മനി (15), റഷ്യ (11), ഉക്രെയ്ന്‍ (10), ഇറാന്‍ (8) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.പഠനപ്രകാരം,രണ്ടോ അതിലധികമോ യൂണികോണുകള്‍ സ്ഥാപിച്ച 10 കുടിയേറ്റക്കാരില്‍ നാലുപേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്.മോഹിത് ആരോണ്‍ (ന്യൂട്ടാനിക്‌സ് & കോഹെസിറ്റി സ്ഥാപിച്ചത്), അശുതോഷ് ഗാര്‍ഗ് (ബ്ലൂംറീച്ച് & എയ്റ്റ്‌ഫോള്‍ഡ്.ഐ), അജീത് സിംഗ് (ന്യൂട്ടാനിക്‌സ് & തോട്‌സ്‌പോട്ട്), ജ്യോതി ബന്‍സാല്‍ (ആപ്പ് ഡൈനാമിക്‌സ് & ഹാര്‍നെസ്) എന്നിവരാണ് അവര്‍.
ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള അല്‍ ഗോള്‍ഡ്സ്റ്റീന്‍, ലെബനനില്‍ നിന്നുള്ള നൗബര്‍ അഫെയാന്‍, സ്‌പെയിനില്‍ നിന്നുള്ള ഇഗ്‌നാസിയോ മാര്‍ട്ടിനെസ്, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള എലോണ്‍ മസ്‌ക്, ജര്‍മ്മനിയില്‍ നിന്നുള്ള സെബാസ്റ്റ്യന്‍ ത്രൂണ്‍, റൊമാനിയയില്‍ നിന്നുള്ള ലോണ്‍ സ്‌റ്റോയിക്ക എന്നിവരാണ് രണ്ടോ അതിലധികമോ യൂണികോണുകള്‍ സ്ഥാപിച്ച മറ്റുള്ളവര്‍. 1 ബില്യണ്‍ ഡോളറോ അതില്‍ കൂടുതലോ മൂല്യമുള്ള, 582 അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 319 എണ്ണത്തിലും കുടിയേറ്റക്കാരനായ ഒരു സ്ഥാപകനെങ്കിലും ഉണ്ട്. 133 കമ്പനികളിലെ സിഇഒ, സിടിഒ , എന്‍ജിനീയറിങ് വിപി എന്നിങ്ങനെ സുപ്രധാന നേതൃസ്ഥാനങ്ങളില്‍ കുറഞ്ഞത് ഒരു കുടിയേറ്റക്കാരനെങ്കിലും ജോലി ചെയ്യുന്നു.
മൊത്തത്തില്‍, 582 ബില്യണ്‍ ഡോളര്‍ സ്റ്റാര്‍ട്ടപ്പുകളിലെ 78 ശതമാനത്തില്‍ അല്ലെങ്കില്‍ 451 എണ്ണത്തില്‍ ഒരു കുടിയേറ്റ സ്ഥാപകനോ ഒരു കുടിയേറ്റനേതൃത്വമോ ഉണ്ട്. മാത്രമല്ല, ഈ സ്റ്റാര്‍ട്ടപ്പുകള്‍ ഒരു കമ്പനിക്ക് 859 എന്ന നിരക്കില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.