ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സ്‌പെഷ്യാലിറ്റി ഗ്ലാസ് നിര്‍മാതാക്കളായ കോര്‍ണിംഗ്, നോയിഡ ആസ്ഥാനമായുള്ള ഒപ്റ്റിമസ് ഇന്‍ഫ്രയുമായി ചേര്‍ന്ന് സംയുക്ത സരംഭം രൂപീകരിച്ചു. ഫിനിഷ്ഡ് കവര്‍ ഗ്ലാസ് നിര്‍മ്മാണത്തിനായി ഇവര്‍ തെലങ്കാനയില്‍ ഫാക്ടറി സ്ഥാപിക്കും. 1000 കോടി രൂപയാണ് ഇരു കമ്പനികളും നിര്‍മ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ നിക്ഷേപിക്കുക.
സ്മാര്‍ട്ട്‌ഫോണുകളുടെയും ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, വാച്ചുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ഫിനിഷ്ഡ് ഗ്ലാസ് ഒരു പ്രധാന ഘടകമാണ്. തദ്ദേശീയ ആവശ്യങ്ങള്‍ക്കായി നിലവില്‍ അവ ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ വലിയ വിപണിയാണ് ഈ മേഖലയില്‍ തുറന്നുകിടക്കുന്നത്.
പ്രധാന ടെലികമ്മ്യൂണിക്കേഷന്, ഇലക്ട്രോണിക്‌സ് കരാര് നിര്മ്മാതാക്കളായ ഒപ്റ്റിമസിന് സംയുക്ത സംരംഭത്തില് 70 ശതമാനം ഓഹരികളാണുണ്ടാകുക. ശേഷിക്കുന്ന ഓഹരികള്‍ കോര്ണിങ്ങിനായിരിക്കും. കേന്ദ്രസര്‍ക്കാറിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് ഉത്തേജനം നല്‍കുന്ന കരാറാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.